ആദിവാസികളുടെ വികസനത്തിനായുള്ള ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്‌സില്‍ എഴുത്തുകാരി ഇന്ദുമേനോനെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം പടരുന്നു. സര്‍ക്കാര്‍ ആശ്രിത നിയമനം നടത്തുന്ന റൂള്‍ 39 പ്രകാരം ഇന്ദുവിനെ സ്ഥിരപ്പെടുത്താനുള്ള നീക്കം അനധികൃതമെന്ന് ആരോപണം നവമാധ്യമങ്ങളില്‍ നിറയുകയാണ്. ‘മെറിറ്റില്ലാത്ത’ ഇന്ദു മേനോന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേരെ നിയമവിരുദ്ധമായും കിര്‍ത്താഡ്‌സിലെ പ്രത്യേക ചട്ടത്തിനു വിരുദ്ധമായുമാണ് ഈ ഇടതുപക്ഷ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താന്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തതെന്നാണ് ആരോപണമുയരുന്നത്.

ഇത്തരത്തില്‍ വിമര്‍ശനം വന്നതോടെ ഇന്ദുമേനോന്‍ ഇട്ട ഫെയ്‌സ്ബുക്ക് പ്രതികരണമാണ് ഏറെ വിവാദത്തിന് വഴിതെളിച്ചത്.

”കാര്യങ്ങള്‍ പറയുമ്പോള്‍ ജാതിക്കാതോട്ടവും കൊണ്ട് വരുന്നവരേ… മെറിറ്റ് എന്നൊന്നുണ്ട്. പോയിനെടാ ..പോയി പണിയെടുത്ത് നയിച്ച്തിന്നിന്‍…”

എന്നായിരുന്നു എഴുത്തുകാരി കൂടിയായ ഇന്ദുമേനോന്റെ കുറിപ്പ്. എന്നാല്‍ നിരവധി വസ്തുതകള്‍ നിരത്തി വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി ഇന്ദുമേനോന്‍ രംഗത്തെത്തി. ആദ്യ പോസ്റ്റിലെ ‘മെരിറ്റ്’ എന്നത് ”ക്രൈം മെരിറ്റ്’ എന്നാണെന്നും അവര്‍ വിശദീകരിച്ചു.

എന്നാല്‍ നിയമവിരുദ്ധമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കി കിര്‍ത്താര്‍ഡ്‌സിന്റെ ലക്ഷ്യം കൈവരിക്കാന്‍ ആദിവാസി-ദലിതരില്‍ നിന്നുള്ള നരവംശ ശാസ്ത്രജ്ഞരേയും സാമൂഹിക ശാസ്ത്രജ്ഞരേയും നിയമാനുസൃതം നിയമിക്കുകയാണ് അടിയന്തരമായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ദുമേനോന്റെ നിയമനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൊന്നിന്റെ പൂര്‍ണ്ണരൂപം:


ഇന്ദു മേനോന് ‘മെറിറ്റ് ‘ ഉണ്ടായിരുന്നെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാര്‍ ആശ്രിത നിയമനം നടത്തുന്ന റൂള്‍ 39 പ്രകാരം ഇന്ദു മേനോനെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്താന്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തത് ? ആ നിയമനം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദ് ചെയ്തത് ?

കിര്‍ത്താഡ്‌സില്‍ ഇന്ദു മേനോന്‍ 2005ലാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നേടുന്നത്. ഫാക്കല്‍റ്റിയായി നിയമനം നേടിയ ഇന്ദു മേനോനു ആ പോസ്റ്റിനു വേണ്ട യോഗ്യതയേയില്ലായിരുന്നു. നിയമനം നേടുമ്പോള്‍ സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം മാത്രമാണ് ഇന്ദു മേനോന് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ കരാര്‍ നിയമനം നേടിയ, ‘മെറിറ്റില്ലാത്ത’ ഇന്ദു മേനോന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേരെ നിയമവിരുദ്ധമായും കിര്‍ത്താഡ്‌സിലെ പ്രത്യേക ചട്ടത്തിനു വിരുദ്ധമായുമാണ് ഈ ഇടതുപക്ഷ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താന്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തത്.

ഇത് ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തത് ചട്ടവിരുദ്ധവുമാണെന്ന് കണ്ടെത്തുകയും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഈ നിയമന ക്രമപ്പെടുത്തല്‍ റദ്ദു ചെയ്യുകയും ചെയ്തത്. ഇതിനെതിരെ ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്.

ചുരുക്കത്തില്‍ ആദിവാസികളുടെ വികസനത്തിനായുള്ള ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്‌സില്‍ നിന്ന് യോഗ്യതയില്ലാതെ ശമ്പളം വാങ്ങി ‘ജാതിക്കാത്തോട്ടം’ നോക്കി നടക്കുന്ന ഇന്ദു മേനോന് ‘ മെറിറ്റ് ‘ എന്നൊക്കെ പറയണമെങ്കില്‍ ചില്ലറ ഉളുപ്പൊന്നും പോര. ‘പോയിനെടാ… പോയി പണിയെടുത്ത് തിന്നിന്‍’ എന്ന് ആദിവാസികളും ദലിതരും പറയാന്‍ തുടങ്ങിയിട്ട് കാലമെത്രയായി.
ഇന്ദു മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ കരാര്‍ നിയമനം സ്ഥിരപ്പെടുത്തിയത് വിവാദമായപ്പോള്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞത് ഈ ഉദ്യോഗസ്ഥര്‍ക്ക് യോഗ്യതയുണ്ടെന്നും കിര്‍ത്താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ 10 (സേവിങ് ക്ലോസ്) പ്രകാരം അവര്‍ സംരക്ഷിക്കപ്പെടേണ്ടവരായിരുന്നു, അതുകൊണ്ടാണ് നിയമനം സ്ഥിരപ്പെടുത്തിയത് എന്നുമാണ്.

എന്നാല്‍, കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നേടി പിന്നീട് സ്ഥിരനിയമനം നേടിയ ഇന്ദു മേനോനും മറ്റുള്ളവര്‍ക്കും സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ റൂളില്‍ പറയുന്ന Saving Clause നു അര്‍ഹതയില്ല. സര്‍ക്കാര്‍ റൂള്‍ 39 പ്രകാരമാണ് ഇന്ദുമേനോനെ സ്ഥിരപ്പെടുത്തിയത്. അപ്പോഴും പ്രശ്‌നം റൂള്‍ 39 പ്രകാരം സ്ഥിരപ്പെടുത്തുമ്പോള്‍ അവരവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിലേ നിയമനം നടത്താവൂ എന്നുണ്ട്. ഇവിടെ അങ്ങനെയല്ല സംഭവിച്ചിട്ടുള്ളത്.

ആശ്രിത നിയമനത്തിനും മറ്റും സര്‍ക്കാരിന് വിവേചന അധികാരം നല്‍കുന്ന റൂളാണ് ചട്ടം 39. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മരണപ്പെട്ടാല്‍ ബന്ധുമിത്രാദികള്‍ക്ക് നിയമനം നല്‍കുന്നതും കോഴിക്കോട് ഓട്ടോ ട്രൈവര്‍ നൗഷാദ് മരണപ്പെട്ടപ്പോള്‍ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതും അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ ആശ്രിതര്‍ക്കു ജോലി നല്‍കിയതും റൂള്‍ 39 പ്രകാരമാണ്.
യോഗ്യതയില്ലാതെ ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട ഇന്ദു മേനോന് യോഗ്യത ഉണ്ടായിരുന്നുവെങ്കില്‍ പിന്നെന്തിനാണ് അവരെ ചട്ടം 39 പ്രകാരം സ്ഥിരപ്പെടുത്തിയത് ? ഇത് സൂചിപ്പിക്കുന്നത് യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ ‘ചില’ താല്‍പര്യത്തിന്റെ പുറത്ത് സ്ഥിരപ്പെടുത്തുന്നു എന്നു തന്നെയാണ്. ഐ എ എസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥകരെ സ്വാധീനിക്കാനുള്ള മെയ്യ് വഴക്കമാണ് ‘മെറിറ്റ്’ എങ്കില്‍ ആ വഴക്കം ആദിവാസികള്‍ക്കും ദലിതര്‍ക്കുമില്ല.
മെറിറ്റ് വാദം ഉന്നയിക്കുന്നവരുടെ സൂക്കേട് എന്താണെന്ന് നന്നായറിയാം. അത് ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ. ഗോപാല്‍ ഗുരു നിരീക്ഷിക്കുന്നത് പോലെ ഇപ്പോള്‍ ജാതി പ്രത്യക്ഷമായി പ്രാക്റ്റീസ് ചെയ്യാന്‍ കഴിയാത്തവര്‍ അത് പ്രകടിപ്പിക്കുന്നത് സംവരണ വിരുദ്ധതയിലൂടെയും മെറിറ്റ് വാദത്തിലൂടെയുമാണ്.
നിയമവിരുദ്ധമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കി കിര്‍ത്താര്‍ഡ്‌സിന്റെ ലക്ഷ്യം കൈവരിക്കാന്‍ ആദിവാസി-ദലിതരില്‍ നിന്നുള്ള നരവംശ ശാസ്ത്രജ്ഞരേയും സാമൂഹിക ശാസ്ത്രജ്ഞരേയും നിയമാനുസൃതം നിയമിക്കുകയാണ് അടിയന്തരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here