കേരളം പിടിക്കാന്‍ അമിത്ഷാ ആവനാഴിയിലെ ഏത് അസ്ത്രം പ്രയോഗിക്കും ? മൊത്തത്തില്‍ പൊളിച്ചെഴുതുമോ, അതോ…

0

കുമ്മനം വന്നവഴിയേ പകരക്കാരന്‍ എത്തുമോ ? അതോ പരാജയപ്പെട്ട പരീക്ഷണം ഉപേക്ഷിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പടത്തലവനുണ്ടാകുമോ ? ഇനി, അധ്യക്ഷപദവി സ്വപ്‌നം കണ്ട് ആരെങ്കിലും പാര്‍ട്ടിയിലേക്ക് വരുന്നുണ്ടോ ? മുന്‍ അധ്യക്ഷന്‍മാരില്‍ ആരെങ്കിലും പ്രസിഡന്റാകുമോ പകരമായി യുവനിര വരുമോ ?

ആദ്യ ഞെട്ടല്‍ മാറിയപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്കിടയിലും ചര്‍ച്ച കൊഴുക്കുകയാണ്. സംസ്ഥാഘടകത്തെ രക്ഷിക്കാന്‍ അമിത്ഷാ പ്രയോഗിക്കാന്‍ പോകുന്ന ആവനാഴിയിലെ അടുത്ത അസ്ത്രം ഏതായിരിക്കുമെന്ന് വ്യക്തമായ ധാരണ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്കാര്‍ക്കും ഇല്ല. ത്രിപുരയ്ക്കു പിന്നാലെ കേരളം പിടിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ ആരൊക്കെയെന്ന് വ്യക്തമല്ല.

ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാകുന്നുവെന്ന തിരിച്ചറിവില്‍ കേന്ദ്രനേതൃത്വം നടത്തിയ അപ്രതീക്ഷിത നീക്കമായിരുന്നു അംഗത്വം പോലുമില്ലാതിരുന്ന കുമ്മനം രാജശേഖരന്റെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം. ഇന്ന്, ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രചാരണം കൊട്ടികലാശത്തിലേക്ക് അടുക്കുന്ന വേളയിലും വീണ്ടും അപ്രതീക്ഷിത നീക്കത്തിനു മുതിരുന്നു.

ഉപതെരഞ്ഞെടുപ്പ് കാര്യമാക്കാതെ കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണറായി നിയമിനം. ഔദ്യോഗിക പത്രക്കുറിപ്പ് ഇറങ്ങിയശേഷമാണ് നിയമനം സംസ്ഥാന നേതൃത്വം, എന്തിന് കുമ്മനം പോലും അറിഞ്ഞത്. കുമ്മനത്തിന്റെ അപ്രതീക്ഷിത സ്ഥാനലബ്ദി അംഗീകാരമായും അല്ല ഒഴിവാക്കലായും വ്യാഖ്യാനിക്കപ്പെടുന്നു. രണ്ടായാലും കേരളത്തില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടുന്ന ആദ്യ ബി.ജെ.പി പ്രതിനിധിയായി കുമ്മനം മാറിക്കഴിഞ്ഞു.

കുമ്മനമെന്ന മികച്ച സംഘാടകനെ സംസ്ഥാന അധ്യക്ഷനാക്കിയത് കേരളത്തിലെ പടലപ്പിണക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടു നയിക്കാനായിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്നു മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. അതിനാല്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേ നേതൃനിരയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് അനൗപചാരികമായെങ്കിലം വ്യക്തമാക്കപ്പെട്ടിരുന്ന കാര്യമാണ്.

ഇക്കാര്യം നടപ്പാക്കാനുള്ള നടപടികള്‍ അപ്രതീക്ഷിതമായി കേന്ദ്രനേതൃത്വം തുടങ്ങിയവയ്ക്കുമ്പോള്‍ സംസ്ഥാന നേതൃത്വം ഒന്നാകെ ഞെട്ടലിലാണ്. പലവിധ മുന്നറിയിപ്പുകളും അവഗണിച്ച ഗ്രൂപ്പുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നു വ്യക്തമായ ഒരു ധാരണയുമില്ല. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം തങ്ങളുടെ വിധി നിര്‍ണ്ണയിക്കുമെന്ന സംശയത്തിലാണ് സംസ്ഥാന നേതൃത്വത്തിലുള്ള പലരും.

പൂര്‍ണ്ണമായ അഴിച്ചുപണി നടത്തിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അമിത്ഷാ ഒരുങ്ങുന്നതെങ്കില്‍ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടമാകും. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തില്‍ ചെങ്ങന്നൂര്‍ ഫലത്തിന് സ്വാധീനമുണ്ടാകും. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് പുതിയ അധ്യക്ഷനുണ്ടാകുന്നതെങ്കില്‍ നിലവിലെ ഗ്രൂപ്പ് സ്വാധീനങ്ങളില്‍ തണയാണ് പലര്‍ക്കും പ്രതീക്ഷ. മുന്‍സംസ്ഥാന അധ്യക്ഷന്‍മാരല്ല, യുവനിരയാണ് അമിത് ഷാ ലക്ഷ്യമിടുന്നതെങ്കില്‍ എം.ടി.രമേശ്, കെ. സുരേന്ദ്രന്‍ തുടങ്ങിയ പേരുകള്‍ക്ക് മുന്‍തൂക്കമുണ്ടാകും. വനിതായാണെങ്കില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ശോഭാ സരേന്ദ്രന്റെ പേരാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here