കാര്‍ട്ടൂണ്‍ വിവാദം, മജിസ്റ്റീരിയല്‍ അധികാരം, നിലം നികത്തല്‍; പിണറായിയെ തിരുത്തി വി.എസ്.

0

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിനിശ്ചയിക്കുന്ന നിലപാടിനെതിരേ വി.എസ്. അച്യുതാനന്ദന്‍. മതത്തെ ദുരുപയോഗം ചെയ്തത് ഫ്രാങ്കോ മുളയ്ക്കലാണെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലളിതകലാ അക്കാദമി നല്‍കിയ പുരസ്‌കാരം മതസംഘടനകളുടെ വാക്കുകേട്ട് തിരിച്ചെടുക്കുന്ന സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇത് മറ്റ് വര്‍ഗീയസംഘടനകള്‍ക്ക് രംഗത്തിറങ്ങാനുള്ള അവസരമുണ്ടാക്കുന്നതാണെന്നും വി.എസ്. ഓര്‍മ്മപ്പെടുത്തുന്നു.

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത് ആശയങ്ങളില്‍ പിഴവു വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കും. സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം.

കുന്നത്തുനാട് നിലം നികത്തല്‍ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുന്നത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഡേറ്റാബാങ്കിലെ പിഴവുകള്‍ മുതലെടുത്ത് വന്‍കിട വ്യവസായികള്‍ ലാഭക്കൊതിയിലൂടെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയാണ്. ഇതിന് ഇടതുസര്‍ക്കാര്‍ കുടപിടിക്കരുത്. ഇടതുപക്ഷം വന്നാല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിന് കോട്ടം വരുത്തരുതെന്നും വി.എസ്. കത്തില്‍ ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here