തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെ’ന്നാണ് പറഞ്ഞതെങ്കിൽ ഇത്തവണ ‘ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരു’മെന്നു സുരേഷ് ഗോപി. തൃശൂരിലെ പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻ ഡി എ സ്ഥാനിാർഥിയായ സുരേഷ് ഗോപി. ജനങ്ങള്‍ വിജയം തരട്ടെയെന്നും അവകാശവാദങ്ങളില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ശബരിമല വൈകാരിക വിഷയമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണ്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും വികാര വിഷയമാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. കോവിഡ് ചികിത്സക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. തൃശൂരിന് വിനോദ സഞ്ചാര സാധ്യതകളുണ്ടെന്നും ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിജയം ജനങ്ങള്‍ തരട്ടെയെന്നും, അവകാശ വാദത്തിനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂര്‍ തങ്ങള്‍ക്ക് തന്നാല്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാമ നിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നാണ് ആരംഭിക്കുന്നത്. വൈകിട്ട് നാലു മണിക്ക് ശക്തന്റെ പ്രതിമയില്‍ ഹാരമണിയിച്ചാണ് തുടക്കം. തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തില്‍ റോഡ് ഷോ നടത്തും.
വളരെ കുറച്ചു ദിവസം മാത്രമാണ് പ്രചാരണത്തിനുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. നിലവിലെ സാഹചര്യത്തില്‍ ഓട്ട പ്രദക്ഷിണം മാത്രമാണ് സാധിക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എന്‍ഡിഎ തൃശൂർരിൽ രണ്ടാമതെത്തിയിരുന്നു.
വൈറൽ ന്യൂമോണിയ ബാധയേത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി കഴിഞ്ഞ ആഴ്ചയാണ് ആശുപത്രി വിട്ടത്. താരം പൂർണ്ണ ആരോഗ്യവാനാണെങ്കിലും പത്തു ദിവസം കൂടി വിശ്രമം തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് കൊവിഡ് വാക്സീൻ എടുത്ത ശേഷം ആയിരിക്കും പ്രചരണ രംഗത്ത് സജീവമാകുക. പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വച്ച നാലു മണ്ഡലങ്ങളിൽ നിന്നും തൃശൂർ താൻ തെരഞ്ഞെടക്കുകയായിരുന്നു. തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
സീറ്റ് നിഷേധത്തേത്തുടർന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിൻ്റെ പ്രതിഷേധം വേദനയുണ്ടാക്കി. വനിതാ സംവരണത്തേക്കുറിച്ച് പാർലമെന്റിൽ സംസാരിയ്ക്കാൻ ഇനി കോൺഗ്രസിന് എങ്ങനെ കഴിയുമെന്നും താരം ചോദിച്ചു. മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്. തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു.