കെ.പി.സി.സി അധ്യക്ഷ സ്ഥാനം വി.എം സുധീരന്‍ ഒഴിഞ്ഞു

0
7

തിരുവനന്തപുരം: വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് ഇന്നു തന്നെ ഹൈക്കമാന്‍ഡിന് അയക്കുമെന്ന് തിരുവനന്തപുരത്ത് അദ്ദേഹം വ്യക്തമാക്കി. അനാരോഗ്യം കാരണമാണ് രാജിവെക്കുന്നതെന്നാണ് വിശദീകരണം. അടുത്തിടെ കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ തെന്നി വീണ് അദ്ദേഹത്തിന് പരുക്കേറ്റിരുന്നു.
പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. തന്റെ നിലവിലെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ലെന്നും അദ്ദേഹം അറിയിച്ചു. ഈ ഘട്ടത്തില്‍ ഒഴിയേണ്ടി വന്നതില്‍ സങ്കടമുണ്ട്. രാജി തീരുമാനത്തില്‍ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയാണ് പ്രധാനമെന്നും വ്യക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോടും ആലോചിക്കതെയാണ് തീരുമാനമെടുക്കുന്നതെന്നും ആദ്യം മാധ്യമങ്ങളോടാണ് കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വിശദമാക്കി.  എ.ഐ.സി.സി എത്രയും പെട്ടെന്ന ബദല്‍ സംവിധാനമേര്‍പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തന്നില്‍ വിശ്വസമര്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രത്യേക നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here