വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ പൊടിപാറിക്കാന്‍ ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ടായി മേയര്‍ വി.കെ.പ്രശാന്ത് തന്നെ കളത്തിലിറങ്ങും.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ പിന്തുണയോടെയാണ് പ്രശാന്ത് കളത്തിലിറങ്ങുന്നത്. യുവനേതാവ് എന്നതും മേയര്‍ എന്ന നിലയിലുള്ള തിളക്കമാര്‍ന്ന പ്രകടനവുമാണ് പ്രശാന്തിനെ പരിഗണിക്കാന്‍ കാരണമായത്.

പ്രളയ സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മിടുക്കോടെ നിര്‍വ്വഹിച്ച പ്രശാന്തിനെക്കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണുള്ളതും. രാഷ്ട്രീയ ഭേദമന്യേ യുവാക്കളുടെ വോട്ട് ഒന്നടങ്കം പ്രശാന്തിനനുകൂലമായി തിരിയുമെന്ന പ്രതീക്ഷയും ഇടതുമുന്നണിയിലുണ്ട്.

ഇതിനിടെ കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടത് കെ. മുരളീധരന്‍ തന്നെയാണ്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതില്‍ തനിക്ക് നോമിനികള്‍ ആരുമില്ലെന്നും ‘കുടുംബാധിപത്യം’ എന്ന ആരോപണം വരാതെ നോക്കണമെന്നും കെ. മുരളീധരന്‍ തന്നെ പരസ്യമായി പ്രതികരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. പത്മജാ വേണുഗോപാല്‍ കളത്തിലിറങ്ങുന്നത് തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയെതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കരുണാകരന്റെ വലംകൈയായിരുന്ന പീതാംബരക്കുറിപ്പിന്റെ പേരാണ് പിന്നേട് ഉയര്‍ന്നുകേട്ടത്. എന്നാല്‍ ഇന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രതിഷേധവുമായി എത്തിയവര്‍ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നില്‍ പ്രതിഷേധ പ്രകടനം വരെ സംഘടിപ്പിച്ചു. വിജയസാധ്യത നിലനില്‍ക്കുന്ന മണ്ഡലം കൈവിട്ടു പോകുമെന്നാണ് അവരുയര്‍ത്തുന്ന ആശങ്ക. പ്രമുഖ നടിയുടെ പിന്നില്‍ കൈവച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിനുശേഷം ഇമേജ് നഷ്ടപ്പെട്ടൊരാളെ വട്ടിയൂര്‍ക്കാവ് പോലുള്ള മണ്ഡലത്തില്‍ പരിഗണിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

ഇടതുപക്ഷവും കോണ്‍ഗ്രസും അണിനിരന്നാലും, ബി.ജെ.പിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന ചുരുക്കം മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് എന്നതിനാല്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഏവരും ഉറ്റുനോക്കുന്നത്. കുമ്മനം രാജശേഖരന്‍ തന്നെ ഇക്കുറിയും മത്സരിക്കണമെന്ന ആവശ്യം എന്‍.ഡി.എയിലും ബി.ജെ.പിക്കുളളിലും ശക്തമാണ്. കുമ്മനത്തിനെ മുന്നില്‍കണ്ട് പ്രചാരണവും ശക്തിപ്പെടുത്തിയിട്ടുണ്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍. കുമ്മനം തന്നെ ഇറങ്ങിയാല്‍ പീതാംബരക്കുറുപ്പിനേക്കാള്‍ ഒരുപടി മുന്നിലാകും ആദ്യ റൗണ്ടില്‍ പ്രശാന്ത്.

LEAVE A REPLY

Please enter your comment!
Please enter your name here