കഴിഞ്ഞ നിയമസഭയില്‍ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവില്‍ ഇത്തവണത്തെ ഉപതരഞ്ഞെടുപ്പില്‍ എന്തുസംഭവിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. കെ. മുരളീധരന്‍ വടകര എം.പി.യായതോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്താന്‍ കെ. മോഹന്‍കുമാറിനെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. കുമ്മനത്തെ അണികള്‍ പ്രതീക്ഷിച്ചെങ്കിലും ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലില്‍ നറുക്കുവീണത് ജില്ലാപ്രസിഡന്റ് എസ്. സുരേഷിനായിരുന്നു. ഇടതുപക്ഷമാകട്ടെ ആദ്യമേത്തന്നെ മേയര്‍ വി.കെ. ്രപശാന്തിനെത്തന്നെ കളത്തിലിറക്കി.

എന്‍.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം. സാമുദായിക പരിഗണനകള്‍ രഹസ്യമായി ചര്‍ച്ചയാക്കുന്നുണ്ട് ഇരുകൂട്ടരും. എന്നാല്‍ ഇടതുപക്ഷമാകട്ടെ ഇക്കാര്യം പരിഗണിക്കാതെ മികവിന്റെയും യുവജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചതെന്ന് പരസ്യമായി പറഞ്ഞു കഴിഞ്ഞു. ഇത് നിഷ്പക്ഷരായവര്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

കുമ്മനം ഒഴിവായതോടെ ഇടത്പക്ഷം യഥാര്‍ത്ഥപോരാട്ടം പുറത്തെടുക്കുമെന്നും മറിച്ചടിക്കല്‍ ഒഴിവാക്കുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു. കെ. മുരളീധരന്റെ മണ്ഡലത്തിലെ ജനസ്വാധീനവും പിണറായി വിരുദ്ധ വികാരവും അനുകൂലമാക്കി ജയം ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

എന്നാല്‍ ജാതി സമവാക്യത്തിനപ്പുറം മേയറുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇടത്‌ വിലയിരുത്തല്‍. പാര്‍ട്ടിവോട്ടുകള്‍ ഇത്തവണ കൃത്യമായി പോള്‍ ചെയ്യുന്നതും, യുവജനങ്ങളെയും നിഷ്പക്ഷരുടെയും പിന്‍തുണകൂടി ലഭിച്ചാല്‍ ജയിച്ചുകയറാമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു. ജയം മാത്രമാണ് ലക്ഷ്യമിടുന്നതെങ്കിലും ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് മറ്റൊരു ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here