കാരാട്ട് ഫൈസലിനെതിരേ ഭരണസ്വാധീനത്തിന് വഴങ്ങാതെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണം: വി.മുരളീധരന്‍

0
1

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്‌തെന്നു തെളിഞ്ഞിട്ടും പിഴയടക്കില്ലെന്ന് പരസ്യമായി വെല്ലുവിളിക്കുന്ന സി.പി.എമ്മിന്റെ കൊടുവള്ളിയിലെ കൗണ്‍സിലര്‍ കൂടിയായ കാരാട്ട് ഫൈസലിനെതിരേ ഭരണസ്വാധീനത്തിനു വഴങ്ങാതെ ഉദ്യോഗസ്ഥര്‍ നിയമ നടപടിയെടുക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍.  കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് മാഫിയയുമായി സി പി എമ്മിനുള്ള ബന്ധം നേരത്തെതന്നെ ചര്‍ച്ചയായിട്ടുള്ളതാണ്. അത്തരത്തിലുള്ളൊരാളാണ് കാരാട്ട് ഫൈസല്‍. അങ്ങനെയാണ് കാരാട്ട് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാറില്‍ ജനജാഗ്രതാ യാത്രക്കിടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത്.

കോടിയേരി യാത്രചെയ്ത മിനി കൂപ്പര്‍ കാര്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു കണ്ട് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയക്കുകയും പിഴയൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടും പിഴയൊടുക്കില്ലെന്ന വെല്ലുവിളി നടത്തുകയാണ് കാരാട്ട് ഫൈസല്‍ ചെയ്യുന്നത്. വ്യാജ വിലാസത്തിലുള്ള ഈ വാഹനം കേരളത്തിലല്ല ഉപയോഗിക്കുന്നതെന്ന ന്യായമാണ് കാരാട്ട് ഫൈസല്‍ പറയുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് കാരാട്ട് ഫൈസലിനോട് ഈ മൃദുസമീപനം എന്നത് ശ്രദ്ധേയമാണ്. ഭരണത്തിനും ഭരണത്തിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണക്കാരും മാഫിയകളുമായുള്ള ബന്ധത്തിന്റെ തെളിവാണിത്. വ്യാജരേഖ ചമയ്ക്കലും വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നും കണ്ടെത്തിയ സാഹചര്യത്തില്‍ ഭരണസ്വാധീനത്തിനു വഴങ്ങാതെ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here