മഞ്ഞുരുകുമോ ? മാണിയെ വീട്ടിലെത്തി കണ്ട് യു.ഡി.എഫ് നേതാക്കള്‍, പിന്തുണയില്‍ ചൊവ്വാഴ്ച മനസു തുറക്കും

0

പാലാ: കര്‍ണാടകത്തില്‍ നിന്നുണ്ടായ ഊര്‍ജ്ജം, ചെങ്ങന്നൂര്‍ പിടിക്കാന്‍ ഹൈക്കമാന്റിന്റെ നിര്‍ദേശം. മഞ്ഞുരുക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ പാലായില്‍.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യു.ഡി.എഫ് സംഘം പാലായിലെത്തി കെ.എം മാണിയെ കണ്ടു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ എന്നിവരാണ് മാണിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത്.

ചെങ്ങന്നൂരില്‍ ആരോടൊപ്പം നില്‍ക്കണമെന്ന കാര്യം ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് യു.ഡി.എഫ് നേതാക്കള്‍ മാണിയെ സന്ദര്‍ശിച്ചത്. സ്വന്തം വീട്ടിലെത്തിയിട്ടും രമേശ് ചെന്നിത്തലയോടുള്ള നീരസം ഹസ്തദാനത്തിന് തയാറാകാതെ മാണി പ്രകടിപ്പിക്കുകയും ചെയ്തു.

വി.എസ്. അച്യുതാനന്ദനും സി.പി.ഐയും പ്രതികൂല നിലപാട് സ്വീകരിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴചയ്ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. യു.ഡി.എഫ് നേതാക്കളുടെ കൂടിക്കാഴ്ച പ്രാധാന്യമുള്ളതാണെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. ആരെ പിന്തുണയ്ക്കണമെന്ന കാര്യം തീരുമാനിക്കാന്‍ വേണ്ടി രൂപീകരിച്ച ഉപസമിതിയുടെ നിലപാട് അനുസരിച്ചായിരിക്കും പ്രഖ്യാപനം. നാളെ ഉപസമിതിയുടെ യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

തീരുമാനം നാളെ അറിയിക്കാമെന്ന് മാണി പറഞ്ഞതായി ചെന്നിത്തലയും വ്യക്തമാക്കി. യു.ഡി.എഫിലേക്ക് മാണി മടങ്ങിവരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും അതും കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, മടങ്ങി വരവില്‍ മാണി ഉടന്‍ തീരുമാനമെടുക്കില്ലെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here