തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഏറ്റവും മികച്ച മുന്നേറ്റം നടത്തിയ പാര്‍ട്ടി ട്വന്റി ട്വന്റി പാര്‍ട്ടിയാണ്. ഏറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് പുതുതായി മത്സരിച്ച നാലു പഞ്ചായത്തുകളും പിടിച്ചെടുത്തത് പരമ്പരാഗത രാഷ്ട്രീയകക്ഷികള്‍ക്ക് വന്‍ തിരിച്ചടിയായി.

ഐക്കരനാട്ടില്‍ പ്രതിപക്ഷമില്ലാതെ ഒറ്റയ്ക്കു തന്നെ ഭൂരിപക്ഷം നേടിയതാണ് ഏവരെയും ഞെട്ടിച്ചത്. കുന്നത്തുകാല്‍, മഴുവന്നൂര്‍, കിഴക്കമ്പലത്തും മുന്നേറ്റം തുടരുകയാണ് ട്വന്റി 20.

ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയും പദ്ധതികളിലൂടെയും കേരളത്തില്‍ ഏറെ ചര്‍ച്ചയായ ഭരണമാണ് കിഴക്കമ്പലത്ത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ട്വന്റി 20 നടത്തിയത്. കിറ്റക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ മികച്ചരീതിയിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ഭരിച്ചത്. ജനകീയമായി ഏറെ പ്രശംസ പിടിച്ചുപറ്റിയതോടെ മറ്റു പഞ്ചായത്തിലുള്ളവരും ട്വന്റി 20 -യെ ആഗ്രഹിച്ചു. ഇതുമനസിലാക്കിയാണ് മറ്റ് നാലു പഞ്ചായത്തുകളിലേക്കും ഇത്തവണ ട്വന്റി 20 മത്സരത്തിനിറങ്ങിയത്.

പലയിടത്തും അപകടം മണത്ത ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ചു നിന്നാണ് ട്വന്റി 20 നെ എതിര്‍ത്തുനിന്നത്. പലയിടത്തും ട്വന്റി 20 ക്ക് വോട്ടുരേഖപ്പെടുത്തുമെന്ന് ഉറപ്പുള്ളവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി ആരോപണവും തെരഞ്ഞെടുപ്പു ദിനത്തില്‍ ഉയര്‍ന്നിരുന്നു. ദമ്പതിമാരെ മര്‍ദ്ദിക്കുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ട്വന്റി 20 നെ ജനം നെഞ്ചോടു ചേര്‍ക്കുകയായിരുന്നു.

പരമ്പരാഗത സങ്കുചിത രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ മടുപ്പാണ് ട്വന്റി 20 -യുടെ സ്വീകാര്യത വെളിവാക്കുന്നത്. കിഴക്കമ്പലത്തെ വികസനപ്രവര്‍ത്തനങ്ങളിലെ സുതാര്യതയും അര്‍ഹതപ്പെട്ട എല്ലാവരിലേക്കും ആനുകൂല്യമെത്തിക്കുന്നതിലും ട്വന്റി 20 പ്രത്യേക ശ്രദ്ധ ചെലുത്തി. അഴിമതിയുടെ കറ പുരളാതെയാണ് കിഴക്കമ്പലത്തെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണം പൂര്‍ത്തിയായത്. ഇതുതന്നെയാണ് അടുത്ത 3 പഞ്ചായത്തുകളിലും അവര്‍ക്ക് നേട്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here