കൈ ഉയര്‍ന്നു, എന്നിട്ടും അരിവാളു പണ്ടേപോലെ ചുമന്നില്ല, തിപ്ര മോത്ത വളര്‍ന്നു… ത്രിപുരയും നാഗാലാന്‍ഡും ബി.ജെ.പി നിലനിര്‍ത്തി, മേഘാലയയില്‍ തൂക്ക്

ഡല്‍ഹി | കൈയ്യില്‍ അരിവാളേന്തിയിട്ടും ത്രിപുരയില്‍ പ്രതിപക്ഷം ക്ലച്ചു പിടിച്ചില്ല. ബംഗാളിനു പുറത്ത് മേഘാലയയില്‍ ശക്തമായ സാന്നിദ്ധ്യം അറിയിക്കാന്‍ ത്രിണമുല്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. എന്നാല്‍, ബി.ജെ.പി തേരോട്ടത്തെ തടയാന്‍ ത്രിപുരയിലോ നാഗാലാന്‍ഡിലോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സാധിച്ചില്ല. മേഘാലയയില്‍ ബി.ജെ.പി – എന്‍.പി.പി. സഖ്യം അധികാരത്തിലെത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു.

ആവേശകരമായ പോരാട്ടമാണ് ത്രിപുരയില്‍ അരങ്ങേറിയത്. കേവല ഭൂരിപക്ഷമായ 31നു മുകളില്‍ സീറ്റുകളില്‍ ബി.ജെ.പി ഇവിടെ ലീഡീ ചെയ്യുന്നുണ്ട്. സി.പി.എം കോണ്‍ഗ്രസ് സഖ്യം ഇവിടെ പതിനഞ്ചു സീറ്റുകളില്‍ ഒതുങ്ങുന്ന നിലയാണ്. സഖ്യം സി.പി.എമ്മിനു കാര്യമായ ഗുണം ചെയ്തില്ലെന്നു ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ് ലീഡുകള്‍. ആദിവാസി മേഖലകളില്‍ ശക്തി തെളിയിച്ച തിപ്ര മോത്ത പാര്‍ട്ടി പത്തു സീറ്റുകളില്‍ നേടി. അവരാകട്ടെ, ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള സാധ്യതമകള്‍ അടയ്ക്കുന്നുമില്ല.

കാല്‍ നൂറ്റാണ്ടു നീണ്ട സി.പി.എം ഭരണം അവസാനിപ്പിച്ചാണ് 2018ല്‍ ത്രിപുരയില്‍ താമര വിരിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട തിപ്ര മോത്ത പാര്‍ട്ടി 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെയും ബി.ജെ.പിയും നിലംപരിശാക്കി ഞെട്ടിച്ചിരുന്നു.

മേഘാലയയില്‍ പഴയ എന്‍.ഡി.എ സംഖ്യം ബി.ജെ.പിയും എന്‍.പി.പിയും ചേര്‍ന്ന് വീണ്ടും രൂപീകരിച്ചേക്കുമെന്ന സാധ്യതകളാണ് പുറത്തുവരുന്നത്. ഒരുമിച്ച് സഖ്യമായിട്ട് ഭരിച്ചിരുന്നവര്‍ തെരഞ്ഞെടുപ്പിനു മുമ്പാണ് പിരിഞ്ഞ് ഒറ്റയ്ക്ക്് മത്സരിച്ചത്. മേഘാലയയില്‍ 13 ശതമാനത്തോളം വോട്ടു നേടി കോണ്‍ഗ്രസിനൊപ്പം വളര്‍ന്നുവെന്ന് തൃണമുല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ തെളിയിച്ചു. കോണ്‍ഗ്രസിനൊപ്പം അഞ്ചു സീറ്റുകളും കരസ്ഥമാക്കുന്ന നിലയിലാണ് മുന്നേറുന്നത്.

അറുപത് അംഗ നാഗാലാന്‍ഡ് സഭയിലേക്ക് നാല്‍പ്പതു സീറ്റുകളിലും ലീഡു ചെയ്തുകൊണ്ടാണ് എന്‍.ഡി.എ മുന്നേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here