അഗര്‍ത്തല: 2014 ല്‍ മത്സരിച്ച 50 സീറ്റില്‍ 49 എണ്ണത്തിലും കെട്ടിവച്ച പണം നഷ്ടപ്പെട്ട പാര്‍ട്ടി. ഇന്നിതാ ചെങ്കോട്ട തകര്‍ത്ത് കേവല ഭൂരിപക്ഷത്തിലേക്ക്. ബി.ജെ.പിയുടെ തേരോട്ടത്തില്‍ സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ത്രിപുരയില്‍ ചെങ്കൊടി ശരിക്കും ആടിയുലറഞ്ഞു. മണിക് സര്‍ക്കാര്‍ പോലും സ്വന്തം മണ്ഡലത്തില്‍ ഒരുവേള പിന്നിലായെന്നു പറയുമ്പോള്‍ സി.പി.എം നേരിട്ട വെല്ലുവിളി വ്യക്തമാകും.
ലളിത ജീവിതത്തിലൂടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായി മുന്നോട്ടു പോകുന്ന മണിക് സര്‍ക്കാരിന്റെ വ്യക്തിപ്രഭാവവും കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന്റെ അടിത്തറയും തകര്‍ന്ന കാഴ്്ചയാണ് ത്രിപുരയില്‍ കാണുന്നത്. അഞ്ചുവര്‍ഷം മുമ്പത്തെ 1.54 ശതമാനം വോട്ട് ഷെയര്‍ 40 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്തി ബി.ജെ.പി ഒറ്റയ്ക്ക്് കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുന്നത് വ്യക്തമായ പദ്ധതികളിലൂടെയാണെന്ന് വ്യക്തം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5 ശതമാനമായി വോട്ട് ഷെയര്‍ ബി.ജെ.പി ഉയര്‍ത്തിയപ്പോള്‍ അത് മോദിയുടെ വ്യക്തി പ്രഭാവമായി മാത്രമാണ് കണ്ടത്. എന്നാല്‍, അസാം തെരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ വേഗത്തില്‍ മാറുന്നതാണ് കണ്ടത്. അസാമിലേതു പോലെ തന്നെ പ്രാദേശിക പ്രശ്‌നങ്ങളുടെ പള്‍സ് വ്യക്തമായി പഠിച്ച ബി.ജെ.പി, ചരടുകള്‍ ഒന്നൊന്നായി വലിച്ചു.
ഗ്രൗണ്ട് റീയാലിറ്റി മനസിലാക്കി, ആദിവാസി മേഖലയെ സ്വാദീനിച്ച്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ച്, വികസന കാഴ്ചപ്പാട് നിരത്തി മെല്ലെ മെല്ലെ ചെങ്കോട്ടയില്‍ താമര നിറയുന്നതാണ് പിന്നെ കണ്ടത്. അസ്വസ്ഥരായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ചു. ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് തൃണമുല്‍ ക്യാമ്പിലേക്ക് ചേക്കറിയ എം.എല്‍.എമാരെ താമരയ്ക്കു കീഴിലെത്തിക്കുന്നതിനും അവര്‍ വിജയിച്ചതോടെ ബി.ജെ്.പിയുടെ അടിത്തറ വിപുലപ്പെട്ടു തുടങ്ങി. ഇതോടെ അപ്രസക്തരായി തുടങ്ങിയ കോണ്‍ഗ്രസിനും തൃണമുലിനുമൊന്നും പിന്നെ തെരഞ്ഞെടുപ്പില്‍ പോലും ചിത്രത്തിലേക്കു വരാന്‍ സാധിച്ചില്ല. 31 ശതമാനം വരുന്ന ആദിവാസി മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രാദേശിക കക്ഷികളെക്കൂടി ഒപ്പം ചേര്‍ത്ത് അമിത്ഷായും കൂട്ടരും തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
മണിക് സര്‍ക്കാരിന്റെ അഴിമതികള്‍, കേന്ദ്ര പദ്ധതികള്‍ നടപ്പാക്കതിരിക്കുന്നത്, തൊഴിലില്ലായ്മ മുടങ്ങി ഓരോന്നും ചര്‍ച്ചയാക്കി. ക്രമേണ യുവാക്കളിലും സി.പി.എം വോട്ടു ബാങ്കുകളിലും വിള്ളല്‍ സൃഷ്ടിച്ചു. നരേന്ദ്ര മോദി അ്ടക്കം ആവനാഴിയിലെ സര്‍വ ആയുധങ്ങളും ഇറക്കി ഉഴുതു മറിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിതച്ചത് അവര്‍ കൊയ്യുകയും ചെയ്തു വെന്ന് ബി.ജെ.പിയുടെ കേവല ഭൂരിപക്ഷം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here