ത്രിപുര: ഇടതുകോട്ടയില്‍ വിപ്ലവം സൃഷ്ടിച്ച് ബിജെപിയെ അധികാരത്തിലെത്തിച്ച ബിപ്ലവ് ദേബ് മുഖ്യമന്ത്രി പദമൊഴിയാന്‍ സന്നദ്ധതയറിച്ച് രംഗത്ത്. തലസ്ഥാനമായ അഗര്‍ത്തലയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ബിപ്ലവ് ദേബ് ഇക്കാര്യം അറിയിച്ചത്. ബിപ്ലവ് ദേബിനെതിരേ പാര്‍ട്ടിനേതാക്കളും അണികളും രംഗത്തുവരുന്നതാണ് പ്രകോപനം. കുറച്ചുനാളായി തനിക്കെതിരെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും നടത്തുന്ന പ്രതിഷേധങ്ങളില്‍ ദുഃഖിതനാണെന്നും ജനഹിതം അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെ വിവേകാനന്ദ മൈതാനത്ത് കാണുമെന്നും തുടരണോ ഒഴിയണോയെന്ന് ജനങ്ങള്‍ക്ക് അറിയിക്കാമെന്നുമാണ് ബിപ്ലവ് പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. ജനഹിതം പാര്‍ട്ടിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നമനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റേത് പോലെ മുപ്പതു വര്‍ഷമല്ല മറിച്ചു തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എന്ന നിലയില്‍ അഞ്ചുവര്‍ഷം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ബിപ്ലബ് ഹട്ടാവോ ബിജെപി ബചാവോ’ എന്ന മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായത്. ചില എം.എല്‍.എമാരടക്കമുള്ള നേതാക്കളാണ് പ്രതിഷേധത്തിന് പിന്നില്‍ ചരടുവലിക്കുന്നത്. ഇടതുപക്ഷത്തെ തറപറ്റിച്ച് അധികാരം പിടിച്ച ബി.ജെ.പിക്ക് നേതാക്കളുടെ തമ്മിലടി തലവേദനയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here