പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സിനിമാ ഡയലോഗ് പലപ്പോഴും ഇടത് നേതാക്കളെ വല്ലാതെ പ്രകോപിതരാക്കാറുണ്ട്. 2011ല്‍ നീണ്ട 35 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് മമതാ ബാനര്‍ജി അധികാരമേറിയതോടെ ഇടത് നേതാക്കളെ പലരും ബംഗാളിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്താറുണ്ട്. നിലവില്‍ ആ നിരയിലേക്ക് ഒരു പേരുകൂടി എഴുതപ്പെട്ടിരിക്കുന്നു ത്രിപുര. അതുകൊണ്ട് ഇനി മിണ്ടിക്കൊണ്ടിരിക്കേണ്ടത് ത്രിപുരയെക്കുറിച്ചുതന്നെയാകണം. കാരണം പ്രതിപക്ഷനിരയാകമാനം നിശബ്ദമാക്കപ്പെടുന്ന അവസ്ഥയിലേക്കുള്ള ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പോക്ക് ജനാധിപത്യമെന്ന സങ്കല്‍പ്പത്തെത്തന്നെ ഇല്ലാതാക്കുമെന്നതില്‍ സംശയംവേണ്ട.

കമ്മ്യൂണിസം കൊടികുത്തിവാണ ത്രിപുരയിലെ ജനം ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് പച്ചക്കൊടി വീശിയതെന്തുകൊണ്ടെന്നത് ഇടതുപാര്‍ട്ടികള്‍ ഗൗരവതരമായി ചിന്തിക്കണം. ഏഴുകൊല്ലം മുമ്പ് ചെങ്കോട്ടയായിരുന്ന ബംഗാളിലെ പതനത്തെക്കുറിച്ച് ആ ചിന്തയുണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ത്രിപുരയും ചെങ്കൊടി അഴിച്ചുവച്ചതോടെ കേരളമെന്ന ഒറ്റസംസ്ഥാനം മാത്രമാകുന്ന ഇടത്പക്ഷം രാജ്യത്ത് വേരറ്റുപോകാതിരിക്കണമെങ്കില്‍ ഇടത്പാര്‍ട്ടികള്‍ ഏറെതിരുത്തേണ്ടിയിരിക്കുന്നു.

ഒരുജനതയെ മുന്നോട്ടുനയിക്കണമെങ്കില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന, അവര്‍ക്ക് വിശ്വാസമുള്ള നേതാക്കള്‍തന്നെവേണം. ത്രിപുരയില്‍ നിന്നും മാണിക് സര്‍ക്കാര്‍ എന്ന ഒരൊറ്റനേതാവിന്റെ പേരുമാത്രമാണ് ഇടതുപക്ഷം മുന്നോട്ടുവച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതലാളിത്യം, അഴിമിതി രഹിത പ്രതിശ്ഛായ എന്നിവയല്ലാതെ പറയാനൊന്നുമുണ്ടായിരുന്നില്ല. ഒരൊറ്റ നേതാവ് മാത്രം ലളിതജീവിതം നയിച്ചാല്‍ മതിയോ എന്ന ചോദ്യം ഒരിക്കലും സി.പി.എമ്മിനെ അലോസരപ്പെടുത്തിയിരുന്നില്ല. 35 കൊല്ലക്കാലം ഭരിച്ചിട്ടും ബംഗാളിലെ യുവജനത തൊഴില്‍തേടി അലയേണ്ടിവരുന്ന അവസ്ഥ തിരിച്ചറിയാനായില്ല പാര്‍ട്ടിക്ക്. ത്രിപുരയിലും സാധാരണജനങ്ങളുടെ ഹൃദയത്തുടിപ്പറിയാന്‍ ഇടതുപക്ഷം മെനക്കെട്ടില്ല.

കേരളത്തിലും ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ സി.പി.എമ്മിനോ നേതാക്കള്‍ക്കോ ആയിട്ടില്ലെന്നതാണ് വാസ്തവം. ബ്രാഞ്ചില്‍ തുടങ്ങിയ ‘ആഢംബരത്തോടെ’തന്നെ സംസ്ഥാനസമ്മേളനവും കഴിഞ്ഞു. കോടിയേരി വീണ്ടും കൊടിയേന്തി. പാവങ്ങളുടെ പാര്‍ട്ടിയെന്ന ലേബലില്‍തന്നെ നിലനില്‍ക്കാനാഗ്രഹിക്കുമ്പോഴും നേതാക്കളുടെയും മക്കളുടെയും കോടികളുടെ ആസ്തിയും അണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. വെട്ടിമരിക്കുന്ന സാധാരണക്കാരന് മുന്നില്‍ മരണപ്പെടാത്ത ‘നേതാവും കുടുംബവും’ ചോദ്യചിഹ്നമായി.

അണികളുടെ വികാരംപോലും മനസിലാക്കാനാവാത്ത വിധം ഇടതുനേതാക്കള്‍ ദന്തഗോപുരത്തിലാണ്. ബംഗാളിലും ത്രിപുരയിലും ഇതേഅവസ്ഥയായിരുന്നു. ജനഹൃദയത്തില്‍ നിന്നും ഇടതുനേതാക്കള്‍ക്ക് ഇടംനേടാനായില്ല. സ്വന്തം വ്യക്തിസവിശേഷതകൊണ്ട് ത്രിപുരയില്‍ ഇനിയും മണിക്‌സര്‍ക്കാരിന്റെ പേര് മുഴങ്ങും. എന്നാല്‍ ബംഗാളിലോ കേരളത്തിലോ ജനസ്വാധീനമുള്ള ഒരുനേതാവ്‌പോലും അവശേഷിക്കുന്നില്ല. സ്വാധീനമെന്നത് പാര്‍ട്ടിഘടകങ്ങളിലെ അപ്രമാദിത്തമല്ലെന്ന തിരിച്ചറിവില്ലാതെ പോകുന്നതാണ് ഇടതുപക്ഷത്തിന്റെ അപചയം.

വി.എസ്. അച്യുതാനന്ദനെന്ന ഒറ്റപ്പേരിന്റെ സ്വാധീനംപോലും എത്രയോ പിന്നിലായിരിക്കുന്നൂവെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം വ്യക്തി സവിശേഷതകൊണ്ടുപോലും ഹൃദയം കീഴടക്കുന്ന ഒരൊറ്റ നേതാവിനെപ്പോലും സി.പി.എമ്മിന് കേരളത്തില്‍ വളര്‍ത്തിയെടുക്കാനായിട്ടില്ല. പിന്നെയും പിന്നെയും ബംഗാളിനെക്കുറിച്ചും ത്രിപുരയെക്കുറിച്ചും നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കണം. കാരണം കേരളത്തില്‍പോലും ഹൃദയപക്ഷമല്ലാതാകുന്ന ഇടതുപക്ഷമെന്ന അവസ്ഥ യാഥാര്‍ത്ഥ്യമാകാതിരിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here