തീയതി കുറിച്ചു, പിന്നാലെ കൈ ഉയര്‍ത്തി ഉമ, അരുണ്‍ കുമാര്‍ അരിവാളേന്തുമോ ? , ബി.ജെ.പിയും ട്വന്റി 20യും ചര്‍ച്ചയിലാണ്

കൊച്ചി | തൃക്കാക്കരിയിലെ തെരഞ്ഞെടുപ്പ് ചൂട് കൂടിയത് വളരെ പെട്ടെന്നാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അങ്കതീയതി കുറിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി കോണ്‍ഗ്രസ് ആദ്യ ചുവടു വച്ചു. ഒപ്പത്തിനു പിടിക്കാന്‍ ഇന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കാര്യങ്ങള്‍ വേഗത്തിലാക്കിയിരിക്കയാണ് സി.പി.എം. ബി.ജെ.പിയുടെയും ട്വിന്റി 20യുടെയും സ്ഥാനാര്‍ത്ഥികള്‍ വൈകില്ലെന്നാണ് സൂചന.

അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസിനെ പതിവു പൊട്ടലും ചീറ്റലുമെല്ലാം ഒഴിവാക്കി പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഒരു മുഴം മുന്നേ എറിഞ്ഞത്. ഉറച്ച സീറ്റായതിനാല്‍ കോണ്‍ഗ്രസ് ക്യാമ്പില്‍, സ്ഥാനാര്‍ഥികള്‍ക്കായുള്ള ഉന്തും തള്ളും കുറവായിരുന്നില്ല. ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്റേത് അടക്കം ചില എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നപ്പോള്‍ ഉമ എന്ന ഒറ്റപ്പേരിലേക്കെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ ഹൈക്കമാന്റ് കെ.പി.സി.സി. നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു.

ഉമയുടെ പേര് മാധ്യമങ്ങളില്‍ വന്നപ്പോള്‍തന്നെ അവരുടെ പാലാരിവട്ടത്തെ വീട്ടിലേക്ക് ‘പി.ടി. തോമസ് മരിക്കുന്നില്ലെന്ന’ മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. പാര്‍ട്ടി തീരുമാനം വരുന്നവരെ, പ്രതികരിക്കാതെ കാത്തിരുന്ന ഉമ, തന്റെ ആദ്യ അങ്കചുവടിനു കിട്ടാവന്നത്രയും പ്രചാരണം ഉറപ്പാക്കുകയും ചെയ്തു. ആവേശത്തോടെയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണം തുടങ്ങി വച്ച അവര്‍ കെ.വി. തോമസ് അടക്കമുള്ള വിമത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള പരസ്യ ശ്രമങ്ങള്‍ക്കും ശ്രമിച്ചു.

ഉമാ തോമസ് അങ്കതട്ടിലെത്തിയ സാഹചര്യത്തില്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിപ്പിക്കാന്‍ ഇടതു പക്ഷത്തിനാകില്ല. ജില്ലാ കമ്മിറ്റിയും ഇടതു മുന്നണിയും യോഗം ചേര്‍ന്നു. കെ.എസ്. അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏകദേശ ധാരണ രൂപപ്പെട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകും. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമാണ് കെ.എസ്. അരുണ്‍ കുമാര്‍. കാക്കനാട് സെപ്‌സിലെ തൊഴിലാളി യൂണിയന്‍ നേതാവായ അരുണ്‍ കുമാര്‍ കെ റെയിലുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകളില്‍ നിറഞ്ഞ മുഖമാണ്.

മുതിര്‍ന്ന നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ അടക്കമുള്ളവരെ പരിഗണിച്ച ബി.ജെ.പി മൂന്നു പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ടി.പി. സിന്ധുമോള്‍, ഒ.എം. ശാലീന, സ്മിത മേനോന്‍ എന്നിവര്‍ക്കൊപ്പം മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന്റെ പേരും പാര്‍ട്ടിയുടെ മുന്നിലുണ്ട്. ആംആദ്മിക്കും ട്വിന്റി 20ക്കും സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന പ്രചാരണം ശക്തമാണ്. ഇക്കാര്യത്തിലും ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here