തൊഗാഡിയ സംഘപരിവാറിനെ വിറപ്പിക്കാന്‍ പോന്ന ബോംബോ ?

0
1

ഡല്‍ഹി: വി.എച്ച്.പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ‘ബോംബ്’ പൊട്ടിക്കുമോ ? ഏറ്റുമുട്ടലിലൂടെ ബി.ജെ.പി സര്‍ക്കാരുകളും പോലീസും തന്നെ വേട്ടയാടുന്നുവെന്നും ഏറ്റുമുട്ടലില്‍ താന്‍ വധിക്കപ്പെട്ടേക്കാമെന്നുള്ള പ്രവീണ്‍ തൊഗാഡിയയുടെ പരസ്യ പ്രസ്താവന സംഘപരിവാര്‍ വിള്ളല്‍ സൃഷ്ടിച്ചിട്ടുള്ളണ്ട്. ഈ പൊട്ടിത്തെറിയുടെ ആഴം വരും ദിവസങ്ങളിലേ വ്യക്തമാകൂ.
ബി.ജെ.പി ഭരണത്തില്‍ വി.എച്ച്.പി നേതാവ് ജീവനു ഭീഷണി നേരിടുന്നുവെന്നത് നേതൃത്വങ്ങളെ പ്രതികൂട്ടിലാക്കുന്നതാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്ന തൊഗാഡിയയെ പിന്നീട് അഹമ്മദാബാദിലെ ഷാഹിബാഗിലുള്ള പാര്‍ക്കില്‍ നിന്നു അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് രാജസ്ഥാന്‍ പോലീസ് തേടിയെത്തിയതെന്നു തൊഗാഡിയ പറയുന്നു.
തൊഗാഡിയ നേതൃത്വത്തിന്റെ കണ്ണിലെ കരടായോയെന്ന് സംശയിക്കാവുന്ന നിരവധി കാര്യങ്ങള്‍ രാഷ്ട്രീയ നിരീക്ഷകരും തൊഗാഡിയയെ അനുകൂലിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അടക്കം തൊഗാഡിയയുടെ നിലപാടുകള്‍ ദേശീയ നേതൃത്വത്തിനുണ്ടാക്കിയ അതൃപ്തി ഇപ്പോഴത്തെ സംഭവങ്ങളുമായി കൂട്ടിവായിക്കണമെന്നാണ് വി.എച്ച്.പിയിലെ ഒരു വിഭാഗത്തിന്റെ വാദം. ആര്‍.എസ്.എസ്.കുടുംബ പശ്ചാത്തലമുള്ള ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പി വിരുദ്ധനായി രംഗത്തെത്തിയതില്‍ തൊഗാഡിയയ്ക്കുള്ള പങ്ക് നേരത്തെ ചര്‍ച്ചയായിരുന്നു.
അയോധ്യ ക്ഷേത്ര നിര്‍മ്മാണം, ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി വീണ്ടം പ്രക്ഷോഭം തുടങ്ങാന്‍ വി.എച്ച്.പി തയാറെടുക്കുന്നതിനിടെ കൂടിയാണ് കാണാതാകല്‍ സംഭവം. മാര്‍ച്ചില്‍ തുടങ്ങാനിരിക്കുന്ന ഈ പ്രക്ഷോഭം തടയാന്‍ ആര്‍.എസ്.എസ്. നടത്തിയ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല.
ബി.ജെ.പിയുടെ തീപ്പൊരി നേതാക്കളായ യോഗി ആദ്യത്തിനാഥ്, ശിവരാജ്‌സിംഗ് ചൗഹാന്‍, വസുന്ധര രാജെ തുടങ്ങിയവരെല്ലാം തൊഗാഡിയയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിലപാടുകളുമായി തൊഗാഡിയ മുന്നോട്ടു പോയാല്‍ അത് സംഘപരിപരിവാര്‍ സംഘടനകളിലെ അച്ചടക്കത്തെ തന്നെ ബാധിച്ചേക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുക്കളെ വഞ്ചിച്ചതെങ്ങനെയെന്ന, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തൊഗാഡിയ പുസ്തകം സൃഷ്ടിച്ചേക്കാവുന്ന വിവാദങ്ങളും ബോംബാകുമെന്നാണ് കണക്കുകൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here