ഗവര്‍ണര്‍ക്കു റോളില്ല, തമിഴ്‌നാട്ടില്‍ വി.സിമാരെ ഇനി സര്‍ക്കാര്‍ നിയമിക്കും, നിയമം പാസാക്കി

ചെന്നൈ | സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നേരിട്ടു നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമ ഭേദഗതി തമിഴ്‌നാടു സര്‍ക്കാര്‍ പാസാക്കി. തമിഴ്നാട്ടിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം ഊട്ടിയില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ അധ്യക്ഷതയില്‍ നടക്കുന്നതിനിടെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളായ എഐഎഡിഎംകെ, ബിജെപി എന്നിവരുടെ എതിര്‍പ്പു മറികടന്നാണ് നടപടി.

വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്ന് നിയമ നിര്‍മാണത്തെ അനുകൂലിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എന്‍.കെ.സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതാണ് പതിവ്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഗവര്‍ണര്‍ തന്റെ സവിശേഷ അധികാരമായി ഇതിനെ കരുതുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സേര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന മൂന്ന് പേരുകളില്‍ നിന്ന് ഒരാളെ വൈസ് ചാന്‍സലറായി സര്‍ക്കാര്‍ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഇതേരീതി തന്നെയാണ് തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും പിന്തുടരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരും കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തില്‍ നിയമനിര്‍മാണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here