തന്ത്രിമാരെ കടന്നാക്രമിച്ച് സുധാകരന്‍, മയപ്പെടുത്തി മുഖ്യമന്ത്രി

0
9

ആലപ്പുഴ: ശബരിമല തന്ത്രിമാരെ രൂക്ഷമായി കടന്നാക്രമിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. ആക്രമണത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി മയപ്പെടുത്തിയതും ശ്രദ്ധേയമായി.

തന്ത്രിമാര്‍ക്ക് ശബരിമലയില്‍ ചരക്കു ചുമക്കുന്ന കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന സുധാകരന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രി തിരുത്തിയത്. തന്ത്രിമാര്‍ക്കെതിരല്ല സര്‍ക്കാരെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

സഞ്ചാര സ്വാതന്ത്ര്യത്തിന്റെ 125 ആം വാര്‍ഷികത്തിന്റെ ഭാഗമായി ചേരമാന്‍ മഹാസഭ ആലപ്പുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജി സുധാകരന്‍ തന്ത്രിമാരെ അധിക്ഷേപിച്ചത്. ശബരിമല പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് അയ്യപ്പനെ പൂജിക്കാനുള്ള ആത്മീയാംശമില്ല, ധാര്‍മികമായി അധികാരമില്ലെന്ന് സുധാകരന്‍ പറഞ്ഞു. ആചാരപ്രകാരം നിങ്ങള്‍ക്ക് പൂജിക്കാം പക്ഷേ നാളെ അവിടെയും പട്ടികജാതിക്കാരെത്തും. വന്നേ പറ്റൂ.

തന്ത്രിമാര്‍ ആന്ധ്രയില്‍ നിന്നും പത്തോ അഞ്ഞൂറോ വര്‍ഷം മുന്‍പ് വന്നവരാണ്… മലയാളികള്‍ പോലുമല്ല. ശബരിമല തട്ടിപ്പറിക്കാനോ അവരെ കഴുത്തിന് പിടിച്ചു പുറത്തു കളയാനൊന്നും നമ്മളില്ല. നിങ്ങള്‍ തന്നെ നടത്തിക്കോ പക്ഷേ മര്യാദയ്ക്ക് വേണം. ശബരിമല പൂട്ടിപ്പോകും എന്നൊന്നും പറഞ്ഞേക്കരുത്.

ശബരിമലയിലെ ചുമടുതൊഴിലാളികള്‍ ഇതുവരെ സമരം നടത്തിയിട്ടില്ല. തന്ത്രിയുടെ അസിസ്റ്റന്റുമാരാണ് ചരിത്രത്തിലാദ്യമായി അവിടെ സമരം ചെയ്തത. അത്രയേറെ ഭാരം ചുമന്ന് പമ്പയാറ്റില്‍ പോയി കിടക്കുന്ന കഴുതകള്‍ പോലും സമരം നടത്തിയിട്ടില്ല. സന്നിധാനത്ത് ധര്‍ണ നടത്തിയ പൂജാരിമാരേക്കാള്‍ ചൈതന്യമുണ്ട് ഈ പാവം കഴുതകള്‍ക്ക്. ഇതു പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് യാതൊരു ധാര്‍മികതയുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.

ഇ എം എസ് സ്റ്റേഡിയത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാ സംഗമത്തിലാണ് മുഖ്യമന്ത്രി സുധാകരന്റെ വാക്കുകളെ മയപ്പെടുത്തിയത്. ചില ദുര്‍ബോധനങ്ങള്‍ തന്ത്രിമാര്‍ക്കുണ്ടായെന്നും അവരും മനുഷ്യരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്ത്രിസമൂഹം മുഴുവനും വെല്ലുവിളിച്ച് നടക്കുന്നവരാണെന്ന് ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here