ശ്രീധരന്‍പിള്ള നല്ല വക്കീലാണെങ്കിലും
തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി. തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പിള്ള ശ്രമിച്ചതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. പിള്ള കുറച്ചുകൂടി മാന്യമായതും ബുദ്ധിപൂര്‍വവുമായ സമീപനം സ്വീകരിക്കണമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് വിവരം ശ്രീധരന്‍ പിള്ളക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് ഇപ്പോള്‍ മനസിലായെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശബരിമല വിഷയം വന്നപ്പോള്‍ അത് ഗോള്‍ഡന്‍ ചാന്‍സാണ് എന്നു പറഞ്ഞ ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ ഗ്രാഫ് അന്നുതൊട്ട് താഴോട്ടാണെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു.

തുഷാറിന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. അത്യാവസ്ഥ എന്താണെന്ന് അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അബുദാബിയിലെ യൂസഫലിയുടെ ഓഫീസില്‍ നിന്നും അഭിഭാഷകര്‍ അടക്കം ഏഴ് സംഘമായി ആളുകള്‍ 200 കിലോമീറ്റര്‍ അപ്പുറമുള്ള അജ്മാനിലേക്ക് എത്തി.

സ്‌റ്റേഷനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും പണം കെട്ടിവച്ചതും അവരാണ്. നടന്ന സംഭവങ്ങള്‍ സത്യസന്ധമായി ആണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ സന്തോഷവും നന്ദിയുമുണ്ട്. എന്നാല്‍ ശ്രീധരന്‍പിള്ള വിപരീതമായ കാര്യങ്ങളാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here