‘മൂത്തോര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ എന്നത് ത്രിപുര നല്‍കുന്ന പാഠമാണ്. ദേശീയതലത്തില്‍ മതേതരകക്ഷികള്‍ ഒത്തൊരുമിച്ചാലേ ബി.ജെ.പിയോട് മല്ലടിച്ചുനില്‍ക്കാനാകൂവെന്ന തിരിച്ചറിവ് സീതാറാം യെച്ചൂരിക്ക് മാത്രമല്ല ഉള്ളത്. അതില്ലാതെ പോകുന്നത് കേരളാഘടകത്തിനും കാരാട്ട് സഖാവിനും മാത്രമാണ്. ഇനി മൂപ്പമല്‍പ്പം കുറഞ്ഞുപോയതാണ് യെച്ചൂരിയുടെ വാക്കുകളെ തള്ളാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ മൂപ്പുള്ള പലരും പണ്ടേ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. കേള്‍ക്കാതാകുമ്പോ, അവര്‍ പങ്കുവെച്ച ചെറു ചിരിയുണ്ട്. പെരുംചിന്തകളായ് മാറിയ ചിരി.

2009 ല്‍ മദനികെട്ടിപ്പിടിച്ച് ആനയിച്ച കേരളഘടകത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘നല്ല പരിഗണന’ ജനം നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ വി.എസ്. അച്യുതാനനെ കാണാനെത്തി. അല്‍പം നീണ്ട ചിരിയോടെ അദ്ദേഹം അവരെ വരവേറ്റു. പിണറായി വിജയനും കൂട്ടരും ചവിട്ടിപ്പുറത്താക്കിയെന്ന് വീരേന്ദ്രകുമാര്‍ വിലപിച്ചകാലത്തും വി.എസ്. പാര്‍ട്ടിയെ നോക്കി ചെറുചിരി പാസാക്കിയത് ചില സഖാക്കള്‍ക്കളെങ്കിലും ഓര്‍ത്തെടുക്കുന്നുണ്ട്.

കാലം കടന്നുപോയി. വി.എസ് തൊണ്ണൂറുകള്‍ കടന്നു. സീതാറാം യെച്ചൂരി അറുപത്തിയഞ്ചിലുമെത്തി. ത്രിപുരയിലെ കനത്ത തോല്‍വിക്ക് പിന്നാലേ മാധ്യമങ്ങള്‍ യെച്ചൂരിയുടെ മുന്നിലെത്തി. അദ്ദേഹം ആദ്യമൊന്നു നോക്കി. പിന്നെ മൃദുവായി ഒന്നു ചിരിച്ചു. അതിലൂടെ യെച്ചൂരി പങ്കുവച്ചതും പഴയ നെല്ലിക്കാ മധുരത്തിന്റെ കഥതന്നെ.

2008ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് വീട്ടിലെത്തിയിട്ടും സ്പീക്കര്‍ കസേരയില്‍ തന്നെയിരുന്ന സോമനാഥ് ചാറ്റര്‍ജിയും തള്ളിപ്പറഞ്ഞിരുന്നില്ല കോണ്‍ഗ്രസ് ബന്ധത്തെയെന്നും ഓര്‍ക്കണം. ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ചെറുചിരികള്‍ പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കും. സഖാക്കള്‍ക്ക് കാലങ്ങള്‍ക്കപ്പുറവും ഓര്‍ത്തുവയ്ക്കാവുന്ന ചിരികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here