തിരുവനന്തപുരം | പതിനെട്ടു വര്‍ഷം മുമ്പ് കേരളത്തിന്റെ മുഖ്യമന്ത്രി പദം ഒഴിയുന്നതായി എ.കെ. ആന്റണി പ്രഖ്യാപിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിലാണ്. 2004 ഓഗസ്റ്റ് 29ന്, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ഡല്‍ഹിക്കു മടങ്ങിയതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം.
വര്‍ഷങ്ങള്‍ നീണ്ട ഡല്‍ഹി ജീവിതം അവസാനിപ്പിച്ച്, എ.കെ. ആന്റണി വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. സ്വീകരിക്കാതെന്നിയ വി.എം. സുധീരന് അടക്കമുള്ളവരുടെ നടുവില്‍ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ ദേശീയ രാഷ്ട്രീയം വിട്ടു. ഇനി സ്ഥിരമായി തിരുവനന്തപുരത്തുണ്ടാകും..’ തിരക്കുകളെയെല്ലാം ഇറക്കി വച്ച് മടങ്ങിയെത്ത്ിയ ആ മുഖത്ത് ടെന്‍ഷന്‍ വളരെ കുറവ്. വൈകുന്നേരം ആറോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഭാര്യ എലിസബത്തിനും ഇളയ മകന് അജിത്തിനും ഒപ്പമാണ് ആന്റണി തലസ്ഥാനത്തെത്തിയത്. ഡിസിസിയുടെ കാറില്‍ പാലോട് രവിക്കൊപ്പം അദ്ദേഹത്തിന് ഏറെ പ്രീയപ്പെട്ട, വഴുതക്കാട് ഈശ്വരവിലാസത്തിലെ അജ്ഞനത്തിലേക്ക് തിരിച്ചു. അഞ്ജനത്തിലെത്തുമ്പോള് പഴയ വിശ്വസ്തനായ പ്രതാപന് അടക്കമുള്ളവര്‍ കാത്തു നില്‍പ്പുണ്ട്.
രണ്ടു തവണ കോവിഡ് പോസിറ്റീവായതിന്റെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ജൂലൈവരെ പൊതുപാരിപാടികള്‍ ഒന്നും ഉണ്ടാകില്ല. നേതൃത്വപരമായി ഒന്നിനും ഇടപെടാനില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു. പാര്‍ട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
കെ.പി.സി.സി. ഓഫീസ് കേന്ദ്രീകരിച്ചാകും എ.കെ. ആന്റണിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. രണ്ടു പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി ഡല്‍ഹിയായിരുന്നു എ.കെ. ആന്റണിയുടെ തട്ടകം. അടുത്ത ഡിസംബറില്‍ 82 വയസു പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തിരുവനന്തപുരത്തേക്ക് മാറി പാര്‍ലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം.