സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് റിപോര്‍ട്ടര്‍ കെ.എം ബഷീറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. അന്വേഷണം അട്ടിമറിക്കുന്നതില്‍ ഐ.എ.എസ് ലോബിയുടെ പങ്ക് സി.ബി.ഐ അന്വേഷിച്ചാലേ പുറത്ത് വരൂ. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടതോഴനായ ഒരു റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത്. ഇദ്ദേഹത്തെ അപകടം നടന്ന ഉടനെ ശ്രീറാം വെങ്കട്ടരാം ബന്ധപ്പെട്ടിട്ടുണ്ട്. ഇതെന്തിനായിരുന്നെന്ന് അന്വേഷിക്കണം.

സര്‍വീസിലിരിക്കെ സ്വകാര്യ ആശുപത്രികള്‍ക്ക് വഴിവിട്ട് ചെയ്തു കൊടുത്ത സഹായത്തിന്റെ പ്രത്യുപകാരമായാണ് കിംസ് ആശുപത്രി അധികൃതര്‍ പ്രതിയെ സഹായിക്കുന്ന നിലപാടെടുത്തത്. സ്വകാര്യ ആശുപത്രികള്‍ക്കെതിരേയുണ്ടാവുന്ന അക്രമങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കാന്‍ നിയമമുണ്ടാക്കി ഇവരുടെ തീവെട്ടിക്കൊള്ളക്കെതിരായുയരുന്ന നേര്‍ത്ത പ്രതിഷേധം പോലും ഇല്ലാതാക്കിയ ഇദ്ദേഹം കേസ്സില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും ജയിലിലെയും ഡോക്ടര്‍മാരെയും ഇദ്ദേഹം സ്വാധീനിച്ചു. അഭ്യന്തര വകുപ്പിനെയും ഇയാള്‍ സ്വാധീനിച്ചതായി സംശയമുണ്ട്. കെ.എം ബഷീറിന്റെ മരണത്തില്‍ ശ്രീരാം വെങ്കിട്ടരാമനെതിരായ മുഴുവന്‍ തെളിവുകളും ഇല്ലാതാക്കിയ അദൃശ്യ ശക്തി ഈ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തെ തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ശ്രീറാം വെങ്കിട്ടരാമനെതിരേയുയരുന്ന ശബ്ദങ്ങള്‍ മിക്കതും ആളെ പറ്റിക്കുന്ന ഉണ്ടയില്ലാ വെടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here