യൂണിവേഴ്‌സിറ്റി കോളജ് എന്ന പേരിനൊപ്പംതന്നെ തുന്നിച്ചേര്‍ത്തതാണ് ഇടത്‌വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ പേരും. ഏതുപ്രശ്‌നത്തിലും നിമിഷങ്ങള്‍ക്കകം സമരമുഖം തുറക്കാന്‍ കഴിയുന്നൊരിടമായി നഗരത്തിനുനടുവിലെ ഈ കോളജിനെ ഇടതുപക്ഷം മാറ്റിത്തീര്‍ത്തതിന്റെ ദുരന്തമാണ് നിലവിലെ കോളജ്. കാലങ്ങളായി സ്വാതന്ത്ര്യമെന്നത് എസ്.എഫ്.ഐയുടെ കൊടിയിലെ എഴുത്തുമാത്രമാണെന്ന് തിരിച്ചറിഞ്ഞ് ഒന്നുംമിണ്ടാതെ ഇറങ്ങിപ്പോയ എത്രയോ തലമുറകള്‍ മുന്നിലുണ്ട്.

അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ഏറ്റവുമൊടുവിലത്തെ പൊട്ടിത്തെറിയാണ് കഴിഞ്ഞ ദിവസം കണ്ടത്. പാട്ടുപാടിയതിന്റെ പേരില്‍ സ്വന്തം വിദ്യാര്‍ത്ഥികളെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐ സഖാക്കള്‍ക്കെതിരേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒറ്റക്കെട്ടായി പ്രതിഷേധസ്വരമുയര്‍ത്തി.

ചുവന്നകോട്ടയ്ക്കുള്ളില്‍ വിള്ളല്‍വീഴ്ത്തുന്ന ആ സ്വരം കണ്ടില്ലെന്നുനടിച്ച് എസ്.എഫ്.ഐയ്ക്ക് ഇനിയൊരു കാമ്പസിലും മുന്നോട്ടുപോകാനാകില്ലെന്നു ചുരുക്കം. യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയെക്കുറിച്ച് അവിടെ പഠിച്ചിറങ്ങിയ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. സ്വാതന്ത്ര്യം നേതാക്കന്മാര്‍ക്കും ശിങ്കിടികളായ പെണ്‍കുട്ടികള്‍ക്കും മാത്രമായി ചുരുങ്ങിയിട്ടും കാലങ്ങളെത്രയോ ആയി. എതിര്‍ശബ്ദങ്ങളെല്ലാം ഇടിമുറിയിലെ നിലവിളികളിലൊടുങ്ങി.

യൂണിവേഴ്‌സിറ്റി കോളജിലെ പഠനമുപേക്ഷിച്ച് ഉടഞ്ഞുവീണ ജീവിതസ്വപ്‌നങ്ങളുമായി എങ്ങുമെത്താതെ ജീവിക്കുന്ന നിരവധിപേര്‍ സമൂഹത്തിലുണ്ട്. പ്രായത്തിന്റെ ആവേശത്തിളപ്പില്‍ ‘വിപ്ലവ’ സമരങ്ങളില്‍ പെട്ട് പോലീസ് കേസില്‍ കുടുങ്ങി സര്‍ക്കാര്‍ജോലി കിട്ടാതെ അലഞ്ഞവര്‍, ആഗോളകുത്തകള്‍ക്കെതിരേ പടപൊരുതി വര്‍ഷങ്ങള്‍ക്കിപ്പുറം അംബാനിയുടെ ഫോണ്‍ വില്‍ക്കാന്‍ വെയിലത്തുവച്ച കുടയ്ക്കുള്ളില്‍ മിണ്ടാതെ അഭയംതേടിയവര്‍. ഇടിമുറികളില്‍ ആര്‍ത്തട്ടഹസിച്ചവര്‍ പോലീസ് ക്ലിയറന്‍സ് വാങ്ങി സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രൊമോഷനും വാങ്ങി നല്ല ജീവിതം നയിക്കുന്നതിറിഞ്ഞ് ചങ്കുതകര്‍ന്നവരും നിരവധിയാണ്.

ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്നൊരു കോളജിനൊണ് ഇടതുപ്രസ്ഥാനങ്ങള്‍ സ്വന്തംകാര്യസാധ്യത്തിനായി തകര്‍ത്തുകൊണ്ടിരിക്കുന്നത്. കുട്ടിസഖാക്കള്‍ ക്ലാസില്‍ കയറില്ലെങ്കിലും അറ്റന്റന്‍സ് കൃത്യമായി വീഴും. പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി ഉന്നതവിജയം നേടും. റെക്കോര്‍ഡ് എഴുത്തും പ്രോജക്ട് സമര്‍പ്പിക്കലും ടീച്ചര്‍മാരുടെ പണിയാണെന്ന് ഗുണ്ടാസഖാക്കള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും. ഇടിമുറിയിലെത്തിയില്ലെങ്കിലും ഇടിവരുന്ന വഴിപേടിച്ച് പ്രിന്‍സിപ്പലടക്കം അടിമയായി നില്‍ക്കുന്ന കാഴ്ച കേരളം കണ്ടതാണ്.

ഇതാകണം സ്പീക്കര്‍ ശ്രീരാമകൃഷ്ണനെയെങ്കിലും ലജ്ജിപ്പിച്ചത്. ബംഗാളിലും ത്രിപുരയിലും എന്തുകൊണ്ട് ഇടതുപക്ഷം അപ്രത്യക്ഷ്യമായി എന്ന് ഇനിയാര്‍ക്കും സംശയംതോന്നില്ല. സഹികെട്ട് വെറുത്തുപോയെന്ന് അലമുറയിടുന്ന യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളുടെ വാക്കുകളില്‍ അതിനുത്തരമുണ്ട്.

റഷ്യയില്‍ ചെന്ന് കമ്യൂണിസത്തെക്കുറിച്ച് ഒരുവരി പ്രസംഗിക്കാന്‍ വിടുവായത്തം പറയുന്ന ഒരു ഇടത്‌നേതാവും പോകില്ലെന്നുറപ്പുണ്ട്. ഈ യൂണിറ്റ് സഖാക്കള്‍ അതിനുതയ്യാറാകണം. ഇടി വരുന്ന വഴി റഷ്യ ഇന്നു നിങ്ങളെ പഠിക്കുമെന്നുറപ്പാണ്.

പാട്ടുപാടിയ വിദ്യാര്‍ത്ഥിയെ കുത്തിയ സഖാക്കളെല്ലാം ഇത്തവണത്തെ പോലീസ് റാങ്ക് ലിസ്റ്റില്‍ പേരുള്ള മഹാന്മാരാണെന്ന് പറയപ്പെടുന്നുണ്ട്. പഠനസാഹചര്യം നിഷേധിക്കുന്നൂവെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് ആത്മഹത്യക്ക് വഴിയൊരുക്കി ഒടുവില്‍ ഓടിച്ചുവിട്ടെന്ന് അഭിമാനംകൊണ്ട സഖാക്കള്‍ ഒന്നോര്‍ക്കണം. അവര്‍ ഓടിപ്പോയ വഴികളില്‍ പുല്ല് കുരുത്തിരിക്കുന്നു.
അവ നിങ്ങളുടെ വഴികളില്‍ മുള്‍ചെടികളായിത്തന്നെ കാണുകതന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here