രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നടന്‍ രജനീകാന്ത്. ജനുവരിയിലാണ് പാര്‍ട്ടി രൂപീകരിക്കുക. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി രജനി ഇതുവരെ നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്നു.

നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും അദ്ദേഹത്തെ ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ രജനീകാന്ത് അമിത് ഷായെ കാണാന്‍ തയ്യാറായില്ല. പിന്നാലെയാണ് ഫാന്‍സ് അസോസിയേഷന്‍ യോഗം ചേര്‍ന്നത്. ഒടുവില്‍ സസ്പെന്‍സ് മതിയാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

2017 മുതല്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരുന്നു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജനീകാന്തിന്‍റെ പുതിയ നീക്കം. 2021ലെ തെരഞ്ഞെടുപ്പില്‍ രജനി മത്സരിക്കുമോ, രജനിയുടെ പാര്‍ട്ടി ആരെ പിന്തുണയ്ക്കും എന്നെല്ലാമാണ് ഇനി അറിയേണ്ടത്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന നടന്‍ രജനീകാന്തിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പുതിയ പാര്‍ട്ടിക്ക് പിന്നില്‍ ആരെന്ന ചോദ്യങ്ങളും ഉയരുന്നു. കൃത്യമായ അജണ്ടയോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ മേല്‍കൈ നേടാനുള്ള ഹിന്ദുത്വ ശ്രമമാണോ രജനികാന്തിന്‍റെ പുതിയ പാര്‍ട്ടിക്ക് പിന്നിലെന്ന ആശങ്കയാണ് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വാദങ്ങളെ ബലപ്പെടുത്തുന്നതാണ് രജനികാന്തിന്‍റെ പാര്‍ട്ടിയുടേതായി പ്രഖ്യാപിച്ച പുതിയ കോ ഓര്‍ഡിനേറ്ററുടെ പേര്. ഇന്നലെ വരെ ബി.ജെ.പിയുടെ ഇന്റലക്ച്വൽ വിങ് മേധാവിയായി പ്രവര്‍ത്തിച്ച അർജുനമൂർത്തി ആണ് ഇന്ന് രജനിയുടെ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി ചുമതലയേറ്റത്. ഇന്നലെയാണ് അര്‍ജുനമൂര്‍ത്തി ബി.ജെ.പിയിൽ നിന്ന് രാജി വെച്ചത്.

പാര്‍ട്ടിയുടെ പുതിയ കോഓര്‍ഡിനേറ്ററായി ചുമതലയേറ്റ സന്തോഷം അര്‍ജുനമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. രജനികാന്തുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചാണ് അര്‍ജുനമൂര്‍ത്തി സന്തോഷം പ്രകടിപ്പിച്ചത്. ‘പ്രസിഡന്‍റിന് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു’വെന്നാണ് അര്‍ജുനമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. ഇന്നത്തെ ട്വീറ്റിന് മുമ്പ് അര്‍ജുനമൂര്‍ത്തിയുടേതായി പോസ്റ്റ് ചെയ്ത ട്വീറ്റ് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി. രവിയെ അഭിനന്ദിച്ചുള്ളതാണ്. ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബി.ജെ.പി നേതാവാണ് സി.ടി രവി. അര്‍ജുനമൂര്‍ത്തിയുടെ പുതിയ ചുവടുമാറ്റം ബി.ജെ.പിയുടെ ബി ടീമായി രജനികാന്തിന്‍റെ പാര്‍ട്ടിയെ മാറ്റാനുള്ള ശ്രമമാണോയെന്ന സൂചനയാണ് നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here