തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തും ബിനീഷിന്റെ അറസ്റ്റുമൊക്കെ ഉയര്‍ത്തി തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ വരിഞ്ഞു മുറുക്കിയിരുന്ന യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്.

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നീണ്ട നിരയാണ് പിണറായി സര്‍ക്കാരിനെ വലയം ചെയ്തിരിക്കുന്നത്. അതില്‍തന്നെ സ്വര്‍ണ്ണക്കടത്ത്, ശിവശങ്കറിന്റെ അറസ്റ്റ്, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ കള്ളപ്പണ, മയക്കുമരുന്ന് കേസുകളിലെ അറസ്റ്റുകള്‍ തുടങ്ങിയവ വീര്‍പ്പുമുട്ടിക്കുന്ന നിലയിലാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദൃഷ്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നില്‍ക്കുകയും ചെയ്യുന്നു. ഇവയെല്ലാം നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് ഗോധയില്‍ ഉപയോഗിച്ചു തുടങ്ങിയത് ബി.ജെ.പിയല്ല, മറിച്ച് യു.ഡി.എഫാണ്.

യു.ഡി.എഫ് സ്‌കോര്‍ ചെയ്തു നില്‍ക്കുകയും എല്‍.ഡി.എഫിന് രാഷ്ട്രീയപരമായ തിരിച്ചടി നേരിടുകയും ചെയ്യുന്ന ഘട്ടത്തിലാണ് എം.സി. ഖമറുദ്ദീനും പിന്നാലെ ഇബ്രാഹിം കുഞ്ഞും അറസ്റ്റിലാകുന്നത്. രണ്ടു പേരും ലീഗിന്റെ എം.എല്‍.എമാര്‍. അറസ്റ്റിലായ രണ്ടു നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തരാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നില്‍ക്കെയുള്ള രണ്ടു അറസ്റ്റും നിയമസഭ തെരഞ്ഞെടുപ്പ് നയിക്കാന്‍ നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് വലിയ വെല്ലുവിളിയുമാണ്. പ്ലസ് ടൂ അഴിമതി ആരോപണം നേരിടുന്ന ലീഗിന്റെ യുവ തീപ്പൊരി നേതാവ് കെ.എം. ഷാജിയാണ് അന്വേഷണ ഏജന്‍സികളുടെ അടുത്ത ഉന്നമെന്ന് നന്നായി അറിയുന്നതും ലീഗാണ്.സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ലീഗില്‍ തുടങ്ങിയിരിക്കുന്ന അറസ്റ്റുകള്‍, ഏതു നിമിഷവും കോണ്‍ഗ്രസിലേക്കും നീളാം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ കേസുകളില്‍ ഓരോന്നിലായി അറസ്റ്റിലേക്കു കടക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നാണ് പാലാരിവട്ടം അഴിമതി കേസിലെ അറസ്റ്റ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍, ഇടതു മുന്നണി സംഭരിച്ചുവച്ചിരുന്ന ആയുധങ്ങളില്‍ പ്രധാനപ്പെട്ടത് വരാനിരിക്കുന്നതേയുള്ളൂ. സോളാര്‍ കേസ് നായിക സരിത നല്‍കിയ പരാതികളില്‍ കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ തുടങ്ങി ഉമ്മന്‍ ചാണ്ടിയില്‍ അവസാനിക്കാനിരിക്കുന്ന ഒരു പട്ടികയുണ്ട്. ബാര്‍ ഉടമ ബിജു രമേശ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവരും അന്വേഷണത്തിന്റെ പരിധിയിലാണ്.

കേന്ദ്ര ഏജന്‍സികള്‍ പിണറായി സര്‍ക്കാരിന്റെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിളിച്ചു പറയുമ്പോള്‍, യു.ഡി.എഫിന്റെ അഴിമതികളില്‍ അറസ്റ്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകളെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശ്രമിക്കുമ്പോഴും അറസ്റ്റിലേക്കു നയിക്കുന്ന കേസുകളെക്കുറിച്ച് ശബ്ദിക്കാനാകാത്തത് ഇരു മുന്നണികളെയും വെട്ടിലാക്കുകയാണ്. അടുത്ത ചുവട് കേന്ദ്ര ഏജന്‍സികളുടേതായിരിക്കുമോ അതോ സംസ്ഥാന സര്‍ക്കാരിന്റേതായിരിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിക്കഴിഞ്ഞു. നേരിടുന്ന പ്രതിസന്ധിക്ക് ഒരു താല്‍ക്കാലിക ആശ്വാസം എന്ന നിലയിലാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതു രാഷ്ട്രീയ നീക്കമാണെന്നും ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നാണ് യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാട്. രണ്ടു മുന്നണികളും അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണെന്ന് വ്യക്തമാക്കി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here