മാണി ഏണി വഴി കയറി, നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, മാണിയുടെ സ്ഥാനാര്‍ത്ഥി ജയിക്കുമോ ?

0

തിരുവനന്തപുരം: ഏണി വഴി മുകളിലേക്കു കയറിയ കേരളാ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പോകുമ്പോള്‍ മൂക്കത്ത് വിരള്‍വച്ച് കോണ്‍ഗ്രസുകാര്‍. രാജ്യസഭാ സീറ്റു വിവാദത്തോടെ കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണങ്ങള്‍ തുടങ്ങുന്നു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഡല്‍ഹിയിലെടുത്ത തീരുമാനം പ്രവര്‍ത്തകര്‍ തള്ളുന്ന കാഴ്ചയാണ് കാണുന്നത്. മുന്‍സംസ്ഥാന അധ്യക്ഷന്‍ വി.എം സുധീരനില്‍ തുടങ്ങി യുവ എം.എല്‍.എമാര്‍ വഴി പടര്‍ന്ന പ്രതിഷേധം പ്രാദേശിക തലങ്ങളിലെ കൂട്ടരാജിയിലേക്കാണ് നീങ്ങുന്നത്. സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമോയെന്ന ആശങ്കയിലേക്കുവരെ ഒറ്റദിവസം കൊണ്ട് കാര്യങ്ങളെത്തുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും പുതിയ വിവാദം മാറ്റം വരുത്തിയേക്കും.

കോഴിക്കോട് കോണ്‍ഗ്രസിലാണ് കൂട്ടരാജിക്ക് നീക്കം നടക്കുന്നത്. കെ.പി.സി.സി. സെക്രട്ടറി കെ. ജയന്ത് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചു. കെ.എസ്.യു. ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലും രാജി തീരുമാനങ്ങള്‍ വന്നു തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി തെരുവിലെത്തി. ആറ് യുവ എം.എല്‍.എമാര്‍ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന് കത്തയച്ചു.

സാധാരണ പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതും ആത്മഹത്യാപരവുമാണെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സാധാരണ പ്രവര്‍ത്തകരുടെ ശബ്ദമാണ് തങ്ങള്‍ ഉയര്‍ത്തിയതെന്ന് റോജി എം. ജോണ്‍ പ്രതികരിച്ചു. കെ.എസ്.ശബരീനാഥനും ഷാഫി പറമ്പിലും പ്രതിഷേധവുമായി രംഗത്തെത്തി.

കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ വലിയൊരു വിഭാഗവും പരസ്യ പ്രതികരണത്തിലേക്ക് നീങ്ങിയതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. പി.ജെ. കുര്യന്‍ അടക്കമുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍, മാണിക്കു നല്‍കിയ സീറ്റില്‍ അവര്‍ നിര്‍ത്തുന്ന സ്ഥാനാര്‍തിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഏറെ വിയര്‍ക്കേണ്ടി വരും. ഇതുവരെയുള്ള കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ഒരു സീറ്റുമാത്രമുള്ളപ്പോഴും ഘടകകക്ഷിയെ പരിഗണിച്ചതോടെ അടുത്ത സീറ്റും കോണ്‍ഗ്രസിന് നഷ്ടപ്പെടാനുള്ള സാധ്യതകളും തെളിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here