ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ നിര്‍ണായക നീക്കങ്ങള്‍ ഉടന്‍ .പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമോ, ബിജെപിയുടെ ഭാഗമാകണമോ എന്ന തീരുമാനം കൈകൊണ്ടതിന് ശേഷം രജനികാന്ത് പ്രഖ്യാപനം നടത്തും. അനുയായികളുടെ കൂട്ടായ്മയായ രജനി മക്കള്‍ മണ്‍ഡ്രം ഉചിത തീരുമാനം കൈകൊള്ളാന്‍ തന്നെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.അതേസമയം ഡിസംബര്‍ ആറിന് ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം നടത്താന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചതായി   ബി.ജെ.പിയും അറിയിച്ചിട്ടുണ്ട്.

രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ ജില്ലാ തല നേതാക്കളെ ആണ് രജനികാന്ത് ഇന്ന് കണ്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശം സംഘടന രജനികാന്തിന് മുന്നില്‍ വച്ചു. ഇത് ഏത് മാര്‍ഗത്തില്‍ വേണം എന്ന് തീരുമാനിക്കാന്‍ യോഗം രജനികാന്തിനെ ചുമതലപ്പെടുത്തി. ഉചിതമായ തിരുമാനം ഉടന്‍ പ്രഖ്യാപിക്കും എന്ന് രജനികാന്ത് മാധ്യമങ്ങളെ അറിയിച്ചു.

ആര്‍എസ്‌എസ് നേതാവ് ഗുരുമൂര്‍ത്തി ഇന്നലെ രാത്രിയും രജനികാന്തുമായി രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ബിജെപി   ഡിസംബര്‍ 6 ന് പ്രഖ്യാപിച്ച പൊതുസമ്മേളനവുമായി മുന്നോട്ട് പോകാനും നടപടികള്‍ തുടങ്ങി. നേരത്തെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍  ഇപ്പോള്‍ സംസ്ഥാന നേതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല. രണ്ട് സാധ്യതകളാണ് ബിജെപി- ആര്‍എസ്‌എസ് നേതാക്കള്‍ രജനികാന്തിന് മുന്നില്‍ വച്ചിട്ടുള്ളത്. ആദ്യത്തെത് രജനി മക്കള്‍ മണ്‍ഡ്രത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി പ്രഖ്യാപിച്ച്‌ എന്‍ഡിഎ പ്രവേശനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രജനികാന്തിനെ ഉയര്‍ത്തി കാട്ടി തുടര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടും.

രണ്ടാമത്തെത് നേരിട്ടുള്ള ബിജെപി പ്രവേശനം. ഇതിനാണ് താരം തിരുമാനിക്കുന്നതെങ്കില്‍ രജനികാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകില്ല. പകരം പ്രധാന പ്രചാരകനായി പരമാവധി സീറ്റുകള്‍ നേടാന്‍ മുന്നില്‍ നില്‍ക്കും. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ കൈകൊള്ളാം.

LEAVE A REPLY

Please enter your comment!
Please enter your name here