കൊച്ചി | ഒരാള്‍ക്കു കൊടുക്കാനായി ‘കുന്ദകുളം മാപ്പ്’ തേടിയിറങ്ങിയ പി.വി. ശ്രീനിജന് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനേക്കാള്‍ വേഗത്തില്‍ തിരികെപോയി.
തൃക്കാക്കരയില്‍ സ്വാനാര്ത്ഥിയില്ലാത്ത ട്വന്റി 20യുടെ വോട്ട് ആര്‍ക്കാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ആംആദ്മിയും ട്വന്റി20യും ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ വോട്ടു പൂര്‍ണ്ണമായോ ഭാഗികമായോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും. ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി20യോട് വോട്ടുതേടും മുന്നേ പി.വി. ശ്രീനിജന് ഉള്‍പ്പെടെയുള്ളവര്‍ മാപ്പു പറയണമെന്നു സാബു എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് ശ്രീനിജന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. തൃക്കാക്കരയുടെ മാപ്പ് കൈവശമുണ്ടെന്നു സാബു എം. ജേക്കബുകൂടി പ്രതികരിച്ചതോടെയാണ് ശ്രീനിജന് പോസ്റ്റ് പിന്‍വലിച്ചത്.
ശക്തമായ പോരാട്ടം നടക്കുന്ന തൃക്കാക്കരിയില്‍ ട്വന്റി 20 യുടെ വോട്ടില്‍ കണ്ണുംനട്ടിരുന്ന സി.പി.എം നേതാക്കളെ വെട്ടിലാക്കിയാണ് ശ്രീനിജന് ഫേസ്ബുക്കില്‍ പോസ്റ്റിയത്. ജനക്ഷേമ സഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റേതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പറഞ്ഞിരുന്നു.