പ്രതിഷേധം സംഘര്‍ഷത്തിലേക്ക്… സംസ്ഥാനത്തു സി.പി.എമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്തു പ്രതി സ്വപ്‌നയുടെ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതിനു പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ നേര്‍ക്കുനേരുള്ള പോര്‍വിളിയിലേക്കും ഏറ്റുമുട്ടലിലേക്കും പ്രവേശിച്ചതോടെ നാട് സംഘര്‍ഷഭരിതം. തലസ്ഥാനത്തുള്‍പ്പെടെ രാത്രിയിലും തുടര്‍ന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

പോലീസ് ആസ്ഥാനത്തിനടക്കം സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബറ്റാലിയന്‍ അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുള്ളിലെ പ്രതിഷേധം ഉയര്‍ത്തി സി.പി.എമ്മും ഡിവൈ.എഫ്.ഐയും രംഗത്തുവന്നതിനു പിന്നാലെ കെ.പി.സി.സി. ഓഫീസ് അടക്കം ആക്രമിക്കപ്പെട്ടു.

പിന്നാലെയാണ് കോണ്‍ഗ്രസ് സി.പി.എം ഏറ്റുമുട്ടലുകളും യുവജനസംഘടനകളുടെ കയ്യാങ്കളികളും നാടെങ്ങും വ്യാപിക്കപ്പെട്ടത്. പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനു പുറത്തു സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ഭാര്യ വീടിനുനേരെ ആക്രമണമുണ്ടായി. ഇടുക്കിയില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ വാഹനം ആക്രമിക്കപ്പെട്ടു. പുലര്‍ച്ചെയും ആക്രമണം തുടര്‍ന്നു. പ്രേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറുവരെ ഉണ്ടായി.

തലസ്ഥാന നഗരം തിങ്കളാഴ്ച രാത്രിയും സംഘര്‍ഷഭരിതമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസിലേക്കു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിചാര്‍ജില്‍ കലാശിച്ചു. പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ചു നടത്തി. സെക്രട്ടേറിയറ്റിനു മുന്നിലും ഇരു കൂട്ടരും മുഖാമുഖം അണിനിരന്നു. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here