പാലാ: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് വരണാധികാരിക്കു മുന്നിലെത്തി വാദിച്ച് ജോസ് ടോമിന് രണ്ടില ചിഹ്നം ഇല്ലെന്ന് ഉറപ്പു വരുത്തിയ പി.ജെ. ജോസഫിനെ കൂകി വിളിച്ച് സ്വീകരിച്ച് പാലായിലെ പ്രവര്‍ത്തകര്‍. ജോസ് കെ. മാണിക്ക് ജയ് വിളിക്കാനും കൈയടിക്കാനും അവര്‍ മറന്നില്ല.

ചിഹ്നം ഇല്ലാതെ യു.ഡി.എഫ് സ്വതന്ത്രനായി ജോസ് ടോം മത്സരിക്കേണ്ടി വരുമെന്ന് വ്യക്തമായി മിനിട്ടുകള്‍ക്കുള്ളിലാണ് യു.ഡി.എഫിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പാലായില്‍ നടന്നത്. പി.ജെ. ജോസഫ് അടക്കമുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. വേദിയിലെത്തിയപ്പോഴും പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴും ഉയര്‍ന്ന കൂകി വിളിയെ ചിരിച്ചുകൊണ്ടാണ് ജോസഫ നേരിട്ടത്.

കെ.എം. മാണിയുമായുള്ള ഓര്‍മകള്‍ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ പി.ജെ. ജോസഫ് ഒരു പാര്‍ട്ടിയാകുമ്പോള്‍ ചില മത്സരങ്ങള്‍ സ്വാഭാവികമാണെന്ന് വ്യക്തമാക്കി. ജോസ് കെ. മാണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നു പറഞ്ഞ ജോസഫ് ജോസ് ടോമിനെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. കൂകിവിളിയിലൂടെ പുറത്തുവന്ന പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ. ജോസഫിനും ജോസ് ടോമിനും ശേഷം പ്രസംഗിച്ച ജോസ് കെ. മാണിയെ ഹര്‍ഷാരവത്തോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. ചിലര്‍ പുഷ്പമെറിഞ്ഞപ്പോള്‍ മറ്റു ചിലര്‍ ജയ് വിളിച്ചു. പാലായിലെത്തുന്ന എല്ലാവരെയും ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നു പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച ജോസ് അതു തുടരണമെന്നും നിര്‍ദേശിച്ചു.

പരിപാടി കഴിഞ്ഞു മടങ്ങുമ്പോഴും പി.ജെ. ജോസഫിനു നേരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here