മന്ത്രിസഭയിലെ നായകനും വിവാദനായകനും പിണറായി തന്നെ

0
6

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്നത് മന്ത്രിസഭയുടെ നായകന്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും. ഇരട്ടച്ചങ്കുള്ള സഖാവെന്ന് അണികള്‍ ഊറ്റംകൊണ്ട പിണറായി മുഖ്യമന്ത്രിക്കസേരയിലെത്തിയശേഷം ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന വിവാദങ്ങള്‍ ഭരണത്തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് പാര്‍ട്ടിക്കും മുന്നണിക്കും തലവേദനയാകുന്നത്. പാര്‍ട്ടിസമ്മേളനങ്ങളില്‍ ഇക്കാര്യം എങ്ങുംതൊടാതെ ഉന്നയിക്കുന്നുണ്ടെങ്കിലും നേരിട്ട് പിണറായിയെ തൊടാന്‍ ചങ്കുറപ്പുള്ള സഖാക്കളും വിരളം.
തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ത്ഥി സമരം മുതല്‍ ഹെലികോപ്റ്റര്‍ ദുരന്ത നിവാരണ യാത്ര വരെ, മുഖ്യമന്ത്രി പറന്നിറങ്ങിയത് അനവധി വിവാദങ്ങള്‍. ഇരട്ടച്ചങ്കനെന്ന സഖാക്കളുടെ സംബോധന വരെ പിണറായിക്ക് ഏകാധിപതിയുടെ മുഖം നല്‍കാന്‍ ശത്രുക്കള്‍ക്ക് വഴിയൊരുക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത്’ മോഡലില്‍ ആകാശവാണിയിലൂടെ പ്രഭാഷണം നടത്തിയ പിണറായി വിജയനെ ശത്രുക്കള്‍ വെറുതെ വിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്ന സൈബര്‍ സഖാക്കള്‍ക്കും നവമാധ്യമങ്ങളിലെ പോരില്‍ തോറ്റോടേണ്ടിവന്നു. അടുത്തിടെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോന്‍ ഉന്നിനെ പ്രകീര്‍ത്തിച്ച പിണറായി വിജയന് വീണ്ടും സമാനഗതിയിലുള്ള വിമര്‍ശനം ഏല്‍ക്കേണ്ടിയുംവന്നു.
ചരിത്രത്തിലില്ലാത്തവിധം കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് ചുറ്റും ‘ഉപദേശകവൃന്ദം’ കയറിപ്പറ്റിയതും വിവാദമായി. വിവിധ വിഷയങ്ങളിലായി അഞ്ച് ഉപദേശകരാണ് മുഖ്യമന്ത്രിയെ സഹായിക്കാനുള്ളതെങ്കിലും ചുരുങ്ങിയ പക്ഷം വിവാദങ്ങളില്‍ ചാടാതെ മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാനുള്ള ഒരു പദ്ധതിയും ഇവരുടെ തലയിലുദിക്കുന്നില്ലെന്നതാണ് സഖാക്കളെ ചൊടിപ്പിക്കുന്നത്. മാധ്യമ പ്രസ് ഉപദേഷ്ടാക്കളായി ജോണ്‍ബ്രിട്ടാസും പ്രഭാവര്‍മ്മയും. ശാസ്ത്ര ഉപദേശത്തിന് എം.സി. ദത്തന്‍, നിയമ ഉപദേശം ഡോ. കെ. എന്‍. ജയകുമാര്‍, പോലീസ് ഉപദേശകന്‍ രമണ്‍ശ്രീവസ്തവ, ധനകാര്യത്തിന് ഗീതാ ഗോപിനാഥ് എന്നിങ്ങനെയാണ് ഉപദേശകനിര. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ വിമര്‍ശനം ഏറ്റുങ്ങിയിരുന്നയാളാണ് ശ്രീവാസ്തവ. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് സഖാക്കളെ ഓടിച്ചിട്ട് തല്ലിയൊതുക്കി പേരെടുത്ത ആലുവ റൂറല്‍ എസ്.പിയായിരുന്ന യതീഷ്ചന്ദ്ര, പിണറായിയുടെ കീഴില്‍ കൊച്ചി പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്ത കുട്ടികളുടെ കൈവരെ അടിച്ചൊടിച്ച് വിവാദമുണ്ടാക്കിയിട്ടും ആഭ്യന്തരം കൈയാളുന്ന പിണറായി വിജയന്‍ കണ്ടില്ലെന്നു നടിച്ചതും ഇടത് അനുഭാവികളെ നിരാശരാക്കി.
ജിഷ്ണുപ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സമരത്തിനിറങ്ങിയ മാതാവിനെയും ബന്ധുക്കളെയും പോലീസ് തല്ലിയോടിച്ചതും അവരെ കാണാന്‍ അനുമതി നല്‍കാതിരുന്നതും ആഭ്യന്തരം കൈയാളുന്ന മുഖ്യനെ വിവാദങ്ങളില്‍ കുടുക്കി. ഇടുക്കി പാപ്പാത്തിച്ചോലയില്‍ ഒരു പ്രാര്‍ത്ഥനാ സംഘം അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ ക്രിസ്ത്യന്‍ സഭകള്‍ പോലും രംഗത്തെത്താതിരുന്ന സന്ദര്‍ഭത്തിലാണ് കുരിശ് തകര്‍ക്കപ്പെടുന്നതിലെ ഹൃദയവേദന പങ്കുവച്ച് പിണറായി വിജയന്‍ കേരളത്തെ ഞെട്ടിച്ചത്. അന്നുണ്ടായ തിരിച്ചറിവുകൊണ്ടാകണം ബോണക്കാട് വനഭൂമിയില്‍ ലത്തീന്‍സഭ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത വനംവകുപ്പിന്റെ നടപടിയും തുടര്‍ന്നുള്ള പ്രതിഷേധ മാര്‍ച്ചിലെ ലാത്തിയടിയും ചര്‍ച്ചയായിട്ടും മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടാത്തത്. നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപതാ വൈദികര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സഹായം പ്രതീക്ഷിച്ച് പ്രസ്താവനയിറക്കിയതുമാത്രം മിച്ചം.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ കേന്ദ്രീകരിച്ച് വിവാദങ്ങള്‍ ഉയര്‍ന്നത് തണുപ്പിക്കാന്‍ പോലീസിനെതിരേ ആദ്യം തിരിഞ്ഞ പിണറായിക്ക് പിന്നീട്നിലപാട് തിരുത്തേണ്ടിവന്നു. ഉപദേശകവൃന്ദത്തിലെ ഒരു പ്രധാനിയാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് കുഴിയില്‍ചാടിച്ചതെന്നും പിന്നീട്അപശ്രുതി പരന്നു. ഇപ്പോള്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതും ഈ നടന്റെ അറസ്റ്റാണ്.
തോമസ്ചാണ്ടിയുടെ കായല്‍കൈയേറ്റം പുറത്തായി മാസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തെ മന്ത്രിക്കസേരയില്‍ ഇരുത്താന്‍ പാടുപെട്ട പിണറായി ഏറെ പഴികേട്ടശേഷമാണ് നിലപാട് തിരുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ‘കടക്ക് പുറത്ത്’ എന്നാക്രോശിച്ചതും വിവാദമായി.
ഓഖി ദുരന്തത്തില്‍ തീരദേശം വിറങ്ങലിച്ചിട്ടും സെക്രട്ടേറിയറ്റിനു വിളിപ്പാടകലെയുള്ള ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാത്ത പിണറായിയുടെ നിലപാടും പാര്‍ട്ടിക്ക് തലവേദനയായി. ഒടുവില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് തീരത്തെത്തിയ പിണറായി വിജയന്‍ ‘കടക്ക് പുറത്തെന്ന’ തീരവാസികളുടെ ആക്രോശത്തിനും ഇരയാകേണ്ടിവന്നതും സര്‍ക്കാരിന് നാണക്കേടായി. ഒടുവില്‍ ദുരന്തനിവാരണ ഫണ്ടില്‍ കൈയിട്ടുവാരി ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്ന് ആക്ഷേപംകേട്ടതോടെ വീണ്ടും ‘ഓഖി’ പിണറായിവിജയനെ ചുഴറ്റിയടിച്ചു. മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഇടത്‌നേതാക്കള്‍ പാടുപെടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കുമുന്നില്‍ മുഖ്യനെ രക്ഷിച്ചെടുക്കാനിറങ്ങിയ മന്ത്രി എ.കെ.ബാലനും ചാനല്‍ ചര്‍ച്ചകളില്‍ അണിനിരന്ന പ്രമുഖ സി.പി.എം. നേതാക്കളും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാകാതെ ഏറെ വിയര്‍ത്തു.
മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിപക്ഷത്തെക്കാളേറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മാധ്യമങ്ങളെന്നാണ് ഇടത്‌നേതാക്കളുടെ വിമര്‍ശനം. മാധ്യമങ്ങള്‍ക്ക് നേരെയുള്ള നേതാക്കളുടെ ആക്രോശങ്ങള്‍ക്ക് പിന്നിലും ഈ ചേതോവികാരമാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ മാധ്യമങ്ങള്‍ നിരന്തരം ആഞ്ഞടിച്ചപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ഇടതുപക്ഷമാണ് മാധ്യമങ്ങള്‍ക്കുനേരെ ആക്രോശിക്കുന്നതെന്നാണ് വൈരുദ്ധ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here