പിന്‍ഗാമി മാണി ചരിത്രം കുറിച്ചു, ഉത്തരം മുട്ടി ബി.ജെ.പി, എന്തു ചെയ്യണമെന്നറിയാതെ യു.ഡി.എഫ്…. പാലാ നല്‍കുന്നത് മുന്നറിയിപ്പും സൂചനകളും

0

കോട്ടയം: അരനൂറ്റാണ്ടുകാലം ‘കൈവെള്ളയിലെ രേഖ’ പോലെ മാണി സാര്‍ കൊണ്ടു നടന്ന സ്വന്തം പാലാ. ഹൃദയത്തില്‍ മാണിയെ കൊണ്ടു നടന്നവര്‍ ഇക്കുറി ബാലറ്റില്‍ മാണിയെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ കാഴ്ച. പാലായുടെ നെഞ്ചിലൂടെ തേരോട്ടം നടത്തി മാണി സി. കാപ്പന്‍ പുതു ചരിത്രം കുറിക്കുകയും ചെയ്തു.

ഇടതിനു ബാലികേറാ മലയായിരുന്ന പാലായില്‍ ആവര്‍ത്തിച്ച് മത്സരിച്ച മാണി സി. കാപ്പന്‍ നാലം ഊഴത്തില്‍ ലക്ഷ്യം കാണുന്നത് കോണ്‍ഗ്രസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രങ്ങളെ നെടുകെയും കുറുകെയും കീറി മുറിച്ചുകൊണ്ടാണ്. കോണ്‍ഗ്രസിന്റെയും ജോസ് കെ. മാണി വിഭാഗത്തിന്റെയുമൊക്കെ വോട്ടുകള്‍ ലഭിച്ചുവെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു വയ്ക്കുകകൂടി ചെയ്തതോടെ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചന കൂടിയാണിത്. ഒപ്പം റബര്‍പോലെ എങ്ങോട്ടും വലിയാനറിയാമെന്ന് പാലാക്കാര്‍ നല്‍കുന്ന മുന്നറിയിപ്പും.

ജോസ് കെ. മാണിയുടെ നേതൃത്വത്തിനുനേരെ ഉയര്‍ന്ന വെല്ലുവിളിയാണോ ജോസ് ടോമിന്റെ പരാജയം അതോ കോണ്‍ഗ്രസിന്റെ പാലം വലിയാണോയെന്ന് വരും ദിവസങ്ങളില്‍ തെളിയേണ്ട വിഷയമാണ്. ഉരുക്കു കോട്ടകളില്‍ മാണി സി. കാപ്പന്‍ പാട്ടും പാടി മുന്നേറിയപ്പോള്‍ ജോസ് കെ. മാണി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ നിലയിലാണ്. ഇതിന്റെ പൊട്ടിത്തെറികള്‍ പാലായില്‍ കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ഇടയില്‍ കണ്ടു തുടങ്ങിക്കഴിഞ്ഞു. പി.ജെ. ജോസഫാണെങ്കില്‍ വോട്ടു ചോര്‍ച്ച ജോസ് ക്യാമ്പില്‍ നിന്നാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേരളാ കോണ്‍ഗ്രസിലെ അടി തുടരുമ്പോള്‍ ഇരുകൂട്ടരുടെയും ഭാവി ചോദ്യചിഹ്നമാവുകയാണ്.

ജോസിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടു മാത്രമല്ല, ബി.ജി.ജെ.എസിന്റെ വോട്ടും കിട്ടിയെന്നാണ് മാണി സി കാപ്പന്‍ പറഞ്ഞു വയ്ക്കുന്നത്. അങ്ങനെയെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹരിക്കു കുറവു വന്നു ഏഴായിരത്തോളം വോട്ടുകളില്‍ ബി.ഡി.ജെ.എസിന്റെ വലിയ പങ്കുണ്ടാകും. ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തില്‍ ഉണ്ടാകാനിരിക്കുന്ന വലിയ തീരുമാനങ്ങളുടെ മുന്നോടിയാണിത്. ഈ ബന്ധം എത്രനാള്‍ തുടരുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ബി.ജെ.പിയുടെ വോട്ടു മറിഞ്ഞുവെന്ന മാണി സി. കാപ്പന്റെ ആരോപണവും നിലനില്‍ക്കുന്നു. അതാണ് ഭൂരിപക്ഷം കുറച്ചതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു വയ്ക്കുന്നു. ഈ വോട്ട് പിന്നെ പോകാനുള്ളത് ജോസ് ടോമിനാണ്. അങ്ങനെയെങ്കില്‍ അത് ബി.ജെ.പിയിലും പൊട്ടിത്തെറികള്‍ സൃഷ്ടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here