തിരുവനന്തപുരം | സംസ്ഥാന കമ്മിറ്റിയിൽ റിസോർട്ട് വിവാദം ഉന്നയിക്കപ്പെട്ടതോട ഇ.പി. ജയരാജൻ വിഷയം പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിക്കും ഇനി കണ്ടില്ലെന്നു നടിക്കാനാവില്ല. പി.ജയരാജന്റെ നീക്കം സി.പി.എമ്മിലുണ്ടായി കൊണ്ടിരിക്കുന്ന പുതിയ ചേരിതിരിവിന്റെ കൂടി സൂചനയായി മാറുന്നു.
ഇ.പി. ജയരാജന്റെ ഭാര്യയും മകനും റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെട്ടതിൽ പാർട്ടി അന്വേഷണത്തിനു തീരുമാനിച്ചേക്കും. പി.ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ ഇതിനുളള നടപടി ഉണ്ടാകും. എന്നാല്‍, കേന്ദ്രകമ്മിറ്റി അംഗത്തിനെതിരേ സംസ്ഥാന കമ്മിറ്റിയംഗം ഉന്നയിച്ച ഗുരുതരമായ പരാതി പി.ബി.ക്ക് പരിശോധിക്കാതിരിക്കാന്‍ ആവില്ല. ജനുവരിയില്‍ ചേരാനിടയുള്ള സി.സി.യിലും പ്രശ്‌നം ചര്‍ച്ചയ്ക്കുവരും. അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുകയാണ് ഇനി പാര്‍ട്ടിക്കുമുന്നിലുള്ള വഴി.
ഇ.പി. ജയരാജന്‍ സി.സി. അംഗമായതിനാല്‍ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചാവും തുടര്‍നടപടി. പരാതി ഉയര്‍ന്ന പാര്‍ട്ടിതലത്തിലുള്ള അന്വേഷണം നടന്നാല്‍, ആരോപിക്കപ്പെട്ട അംഗത്തിന്റെ ഘടകം അച്ചടക്കനടപടിയെടുക്കണമെന്നാണ് സി.പി.എമ്മിന്റെ സംഘടനാരീതി. അതുകൊണ്ട് ഇ.പി. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ സി.സിക്കാണ് അച്ചടക്ക നടപടിക്കുള്ള അധികാരം.
2014 ൽ ആണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. ഇതിനു കീഴിലാണ് മൊറാഴയിൽ ‘വൈദേകം’ എന്ന റിസോർട്ട് ഉയർന്നത്. തുടക്കം മുതലേ റിസോർട്ട് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.
മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമ്മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് അന്ന് പ്രമേയം പാസാക്കുകയും കലക്ടർക്കു പരാതി നൽകുകയും ചെയ്തിരുന്നു. ആന്തൂർ നഗരസഭയുടെ കെട്ടിടനിർമ്മാണ അനുമതിയുടെ അടിസ്ഥാനത്തിലാണു നിർമ്മാണം തുടങ്ങിയതെന്നും, ഖനനം നടത്തുന്ന മണ്ണ് അവിടെത്തന്നെ നിരത്തുകയാണെന്നുമായിരുന്നു കലക്ടർക്കു ലഭിച്ച അന്വേഷണ റിപ്പോർട്ട്. എന്നാൽ തുടർ പരാതികളോ നാടപടികളോ ഉണ്ടായില്ല. ഈ വിഷയമാണ് വീണ്ടും പി ജയരാജൻ ചർച്ചയാക്കിയത്.
സ്ഥാപനത്തിൽ ഇപിക്കു രേഖാമൂലം പങ്കില്ല. ഭാര്യ പി.കെ.ഇന്ദിരയും മകൻ പി.കെ.ജയ്സണും ഉൾപ്പെടെ 11 പേർ അടങ്ങിയ ബോർഡ് ഓഫ് ഡയറക്ടേഴ്സാണ് 11 ഏക്കറിൽ സ്ഥാപനം നടത്തുന്നത്.
ഇ.പി.ജയരാജന്റെ മകൻ ജയ്സൺ ആണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചു നൽകിയ കെട്ടിട നിർമാണക്കരാറുകാരനാണു മറ്റൊരു ഡയറക്ടർ. 3 കോടി രൂപയുടെ പ്രവർത്തന മൂലധനത്തോടെ തുടങ്ങിയ സ്ഥാപനത്തിന് 10 കോടി രൂപ വരെ ഓഹരി സ്വീകരിക്കാൻ കഴിയും. മന്ത്രിയായിരിക്കെ 2021 ഏപ്രിൽ 28ന് ആണ് ഇ.പി.ജയരാജൻ റിസോർട്ട് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
P Jayarajan against EP Jayarajan cpm resort controversy