തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരുപിടി യുവനിരയെ തന്നെയാണ് ഇത്തവണ ഇടതുപക്ഷം കളത്തിലിറക്കുന്നത്. മിക്ക വാര്‍ഡുകളിലും പതിവുരീതി തെറ്റിച്ച് അപ്രതീക്ഷമായ യുവമുഖങ്ങളെ രംഗത്തിറക്കിയാണ് ഇടതുപക്ഷം വോട്ടര്‍മാരെയും പ്രതിപക്ഷത്തെയും ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ, സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുകയാണ് വട്ടിയൂര്‍ക്കാവ് എം.എല്‍.എയായ വി.കെ. പ്രശാന്ത്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രേഷ്മ മറിയം ജോയിയാണ് 21 വയസ്സ് തികയാനായി കാത്തിരിക്കുന്നത്. ഏതാനും ദിവസംകൂടി കഴിഞ്ഞാലേ രേഷ്മാ മറിയത്തിന് 21 വയസ് പൂര്‍ത്തിയാകുകയുള്ളൂ. അതുകൊണ്ടു തന്നെ അതിനുശേഷമാകും പത്രികാ സമര്‍പ്പണമെന്നും വി.കെ. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പത്തനംതിട്ട അരുവാപാലം പഞ്ചായത്തിലെ 11-ാം വാര്‍ഡിലാകും രേഷ്മ മറിയം ജോയി മത്സരത്തിനിറങ്ങുക.

ഇത്തവണ രാഷ്ട്രീയകാലാവസ്ഥ മോശമാണെങ്കിലും യുവനിരയിലൂടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയംകൊയ്ത് വിമര്‍ശകരുടെ വായടപ്പിക്കാനും തുടര്‍ഭരണ സാധ്യത നിലനിര്‍ത്താനുമാണ് ഇടതുപക്ഷ നീക്കം. ബിനീഷ് വിഷയത്തില്‍ വിവാദത്തിലായ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല ആത്മവിശ്വാസം വന്നിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വിവാദവിഷയങ്ങളില്‍ ഇടഞ്ഞുനിന്ന സാധാരണ പ്രവര്‍ത്തകരിലും അനുഭാവികളിലുമുണ്ടായ അകല്‍ച്ച കുറഞ്ഞതും വരുന്ന തെരഞ്ഞെടുപ്പില്‍ സഹായകരമാകുമെന്നാണ് നേതാക്കളുടെയും പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here