കോട്ടയത്ത് ചാണ്ടി ഉമ്മന്‍, ഇടുക്കിയില്‍ അപു…? രാജ്യസഭാ സീറ്റിനു പിന്നലെ മക്കള്‍ രാഷ്ട്രീയ ഫോര്‍മൂല തെളിയുന്നു

0

കോട്ടയം: ഇടുക്കിയില്‍ പി.ജെ. ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍… രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കി കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണിയെ ഡല്‍ഹിക്കയക്കുന്നതിനു പിന്നിലുള്ളത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ‘മക്കള്‍ രാഷ്ട്രീയ ഫോര്‍മൂല’യെന്ന് വിലയിരുത്തല്‍.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഒരു വര്‍ഷം കൂടി കാലാവധിയുള്ള എം.പിയായിരുന്നു ജോസ് കെ. മാണി. കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു നല്‍കി ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് മാറ്റിയതിനെ തുടര്‍ന്നുള്ള പൊട്ടിത്തെറി കോണ്‍ഗ്രസില്‍ തുടരുകയാണ്. എല്ലാ മുന്നണികളുമായി വിലപേശല്‍ നടത്തിവന്നിരുന്ന മാണിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യു.ഡി.എഫില്‍ എത്തിക്കാന്‍ മുന്നണിയുടെ പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെയാണ് പാലായിലെ വീട്ടിലെത്തിയത്. ചെങ്ങന്നൂരിലെ കനത്ത തോല്‍വിയുടെ ഞെട്ടല്‍ മാറുന്നതിനു മുന്നേതന്നെ ഹൈക്കമാന്റിന്റെ കൂടി അനുവാദത്തോടെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കി.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വിവരം നേതാക്കളില്‍ നിന്നുതന്നെ ആദ്യം പുറത്തുവന്നെങ്കിലും പിന്നീടത് നിഷേധിക്കപ്പെട്ടു. ജോസ് കെ. മാണിയെ ലോക്‌സഭയില്‍ നിന്ന് മാറ്റിയത് കോട്ടയം സീറ്റില്‍ കണ്ണുവച്ചാണ്. മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനു വേണ്ടിയാണ് നീക്കം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ എ ഗ്രൂപ്പിനുള്ളില്‍ പ്രകടമാണ്. ജനതാദളിന്റെ കൈയില്‍ നിന്ന് കോട്ടയം സീറ്റ് ഏറ്റെടുത്ത് സി.പി.എം മത്സരിക്കുന്നതിനുള്ള ആലോചനകള്‍ എല്‍.ഡി.എഫിലുണ്ട്. വി.എന്‍ വാസവനടക്കമുള്ളവരുടെ പേരുകള്‍ ഇതിനായി സി.പി.എം പരിഗണിക്കുന്നുമുണ്ട്. സീറ്റ് സി.പി.എമ്മിലേക്ക് എത്താതിരിക്കാനുള്ള ചരടുവലികളും നടക്കുന്നുണ്ട്. ലോക്‌സഭാ മത്സരം ചാണ്ടി ഉമ്മന് ഭദ്രമല്ലെന്നു കണ്ടാല്‍ നിയമസഭയിലേക്ക് പുതുപള്ളിയില്‍ നിന്ന് മത്സരിപ്പിക്കും. അങ്ങനെയെങ്കില്‍ കോട്ടയത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയാകും.

ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത് പി.ജെ. ജോസഫാണ്. കോട്ടയത്തിനു പകരമായി കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ഇടുക്കിയാണ്. ഇടുക്കിയില്‍ ഒരു പടികൂടി കടന്ന് ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് സജീവമായി തുടങ്ങി. നാളത്തെ തൊടുപുഴയുടെ നായകനെന്ന് വിശേഷിപ്പിച്ച് അപുവിന്റെ രംഗപ്രവേശനം സോഷ്യല്‍ മീഡിയയില്‍ വിവിധ ഗ്രുപ്പുകള്‍ ചര്‍ച്ചയും തുടങ്ങി.

മുന്നണിയുടെ ഭാവി ശോഭനമാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ കൈക്കൊണ്ട രഹസ്യ തീരുമാനത്തിനു പിന്നിലുള്ളത് മക്കള്‍ രാഷ്ട്രീയ ഫോര്‍മൂലയാണെന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ളിലും അടക്കം പറച്ചില്‍ തുടങ്ങി. പുറത്തുവരുന്ന വിവരങ്ങള്‍ ശരിയെങ്കില്‍, വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും മുഴച്ചു നല്‍ക്കുക ഈ ചര്‍ച്ചകളാകും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here