കോൺഗ്രസിന്റെ അവസ്ഥയെ ഇന്ദ്രൻസിനോട് ഉപമിച്ച് സ്വയം പുലിവാൽ പിടിച്ച് മന്ത്രി വാസവൻ

തിരുവനന്തപുരം | കോൺഗ്രസിനെ വിമർശിക്കാൻ നിയമസഭയിൽ മന്ത്രി വി.എൻ. വാസവൻ തൊടുത്തുവിട്ട വാക്കുകൾ തറച്ചത് നടൻ ഇന്ദ്രൻസിന്റെ നെഞ്ചത്ത്. അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയിയെന്ന പരാമർശം വിവാദമായതോടെ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടു. പിന്നാലെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കി.

സഹകരണ ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു കോൺഗ്രസിനെ ട്രോളാൻ മന്ത്രി ഇന്ദ്രൻസിനെ പരാമർശിച്ചത്. .മന്ത്രിയുടെ വാക്കുകൾ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാണിച്ചു.

ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല- ഇന്ദ്രൻസ്

‘‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’’– എന്നായിരുന്നു സാംസ്കാരിക മന്ത്രി വാസവന്റെ വാക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here