വട്ടിയൂര്‍ക്കാവില്‍ പോളിങ്ങ്കുറഞ്ഞത് ഇടതുപക്ഷത്തിന് തുണയായി എന്നാരും പറയില്ല. കനത്ത മഴയെ പഴിക്കാന്‍ യു.ഡി.എഫിനോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ കഴിയില്ല. ജയിച്ചാല്‍ മൂവായിരത്തില്‍ താഴെ എന്ന കണക്കൊക്കെ തെറ്റിച്ചാണ് ഭൂരിപക്ഷം പതിനാലായിരം കടത്തിയ വി.കെ. പ്രശാന്ത് മിന്നുന്ന വിജയം സ്വന്തമാക്കിയത്.

‘ബ്രോ’ എന്നത് വെറും സോഷ്യല്‍ മീഡിയ പ്രചരണതന്ത്രം എന്നു കരുതിയിരുന്നവരെയും ഞെട്ടിച്ചുകൊണ്ടാണ് പ്രശാന്ത് മുന്നേറിയത്. യുവാക്കള്‍ മാത്രമല്ല എല്ലാവിഭാഗം ജനങ്ങളും വി.കെ. പ്രശാന്ത് എന്ന മികച്ച വ്യക്തിത്വത്തിനു വോട്ടുനല്‍കിയെന്നാണ് ഫലം സൂചിപ്പിക്കുന്നത്. എല്ലാ പാര്‍ട്ടിയില്‍ നിന്നും വോട്ടുസമാഹരിക്കാന്‍ പ്രശന്തിനായി.

മണ്ഡലം തങ്ങളുടെ കൈപ്പിടിയിലാണെന്ന പ്രതീതി സൃഷ്ടിച്ച് എന്‍.എസ്.എസ്. പരസ്യപിന്തുണ പ്രഖ്യാപിച്ചത് യു.ഡി.എഫിന് ദോഷകരമായി മാറുക തന്നെ ചെയ്തു.

ജാതി സമവാക്യങ്ങള്‍ക്കപ്പുറം ഒരു സന്ദേശം നല്‍കണമെന്ന ആശയം ഇടതുപക്ഷം മുന്നോട്ടുവച്ചതയോടെ വട്ടിയൂര്‍ക്കാവിലെ ഭൂരിപക്ഷംപേരും അതോടൊപ്പം നിന്നൂവെന്നതാണ് വി.കെ. പ്രശാന്തിന്റെ ഭൂരിപക്ഷം(14,465) വ്യക്തമാക്കുന്നത്. എന്‍.എസ്.എസിലെ ഒരു വിഭാഗംപേരും സുകുമാരന്‍നായരുടെ പ്രഖ്യാപനത്തിനെതിരേ പ്രതികരിച്ചൂവെന്നു വേണം കരുതാന്‍.

മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കിയാല്‍ ജനം സ്വീകരിക്കുമെന്നും ജാതി-മത മേലാളന്മാരെ ജനം നിലയ്ക്കുനിര്‍ത്തുമെന്നുമുള്ള പാഠമാണ് വി.കെ. പ്രശാന്തിന്റെ വിജയം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന പ്രധാന സന്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here