മാണി മടങ്ങിയെത്തി, സ്വീകരിച്ച് നേതാക്കള്‍, വി.എം. സുധീരന്‍ ഇറങ്ങിപ്പോയി

0

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങി. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കേരള കോണ്‍ഗ്രസ് കൈക്കൊണ്ടു. പിന്നാലെ കെ.എം. മാണി, പി.ജെ. ജോസഫ് അടക്കമുള്ള നേതാക്കള്‍ യു.ഡി.എഫ് യോഗത്തിനെത്തി.

രണ്ടു വര്‍ഷത്തിനുശേഷം യോഗത്തിനെത്തിയ മാണിയെയും കൂട്ടരെയും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. എന്നാല്‍, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വി.എം. സുധീരന്‍ യോഗവേദി വിട്ടു. കെ. മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

മാണിയുടെ ഈ രീതിയിലുള്ള വരവ് കോണ്‍ഗ്രസിന്റെ നാശത്തിന് വഴിവയ്ക്കുമെന്ന് വി.എം. സുധീരന്‍ പ്രതികരിച്ചു. നീക്കം കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ മാത്രമേ സഹായിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് യോഗത്തില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനമുണ്ടായില്ല. വൈകുന്നേരം പാര്‍ട്ടി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് കെ.എം. മാണി വ്യക്തമാക്കി. താനിപ്പോള്‍ രാജ്യസഭയിലേക്കില്ലെന്നും ജോസ് കെ. മാണിയും പോകേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മാണി വ്യക്തമാക്കി.

അതിനിടെ, രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം തുടരുകയാണ്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. ഉമ്മന്‍ ചാണ്ടിയാണ് നീക്കത്തിനു പിന്നിലെന്ന് വ്യക്തമാക്കി പി.ജെ. കുര്യനും രംഗത്തെത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here