കഴിഞ്ഞ നിയമസഭാ കാലത്ത് ഇടതുമുന്നണിയുടെ ചാനല്‍പരസ്യങ്ങള്‍ സഖാക്കളൊഴികെ ആരും മറന്നിട്ടുണ്ടാകില്ല. നിരത്തിവച്ച നീലവീപ്പക്കുള്ളില്‍ നിന്നും ‘ബാര്‍ കോഴ’, ‘സോളാര്‍ തട്ടിപ്പ്’ എന്നിങ്ങനെ ദുര്‍ഗന്ധം വമിക്കുന്ന ഓരോ അഴിമതിക്കഥകള്‍ക്കിടയിലൂടെ ഒരു ചെറുപ്പക്കാരന്‍ മൂക്കുംപൊത്തി നടക്കും. പിന്നെ ‘എല്‍.എഡി.എഫ്. വരും എല്ലാം ശരിയാകും’ എന്ന ആശ്വാസവചനത്തോടെ പരസ്യം തീരും.

ഇന്ന് മാണിയുടെ ബാര്‍ക്കോഴക്കേസിന് പഴയപോലെ നാറുന്നില്ല സി.പി.എമ്മിന്. വിജിലന്‍സിനെക്കൊണ്ട് മാണിയെ കുളിപ്പിച്ച് കുട്ടപ്പനാക്കി നിര്‍ത്താനുള്ള പെടാപ്പാടാണിപ്പോള്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മാണി മുത്താവും. ഹിന്ദുവോട്ടുകള്‍ പ്രബലമായ മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ക്രിസ്ത്യന്‍വോട്ടുബാങ്കും നിര്‍ണ്ണായകമാണ്. മാണി വഴി ഒരു പിടിപിടിച്ചാല്‍ ക്രിസ്ത്യന്‍വോട്ടുകള്‍ കൂടെനില്‍ക്കും. നായര്‍, ഈഴവ വോട്ടുകളിലെ ഭിന്നിപ്പ് ക്രിസ്ത്യന്‍വോട്ടുകളുടെ ബലത്തില്‍ പിടിച്ചുനിര്‍ത്താനാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. മാണിയെ കുറ്റവിമുക്തനാക്കാനുള്ള നീക്കം തകൃതിയാക്കുന്നതിനു പിന്നിലും ഈ നീക്കമാണെന്നാണ് സൂചന.

ബാര്‍ക്കോഴക്കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാണ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. സി.ബി.ഐയ്ക്ക് വിട്ടാല്‍ ബി.ജെ.പിക്ക് വിലപേശാനുള്ള എളുപ്പത്തിലുള്ള വഴിയൊരുക്കലാകുമെന്നും ഇടത്‌നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാന വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് ലഭിച്ചുകഴിഞ്ഞ മാണിയെ സി.ബി.ഐയും കുറ്റവിമുക്തനാക്കിയാല്‍ മാണിയെ മുന്നണിയിലെടുക്കാന്‍ ബി.ജെ.പിയും രംഗത്തെത്തും.

മാണിയെ ഇടതുമുന്നണിയിലെത്തിക്കുന്നതില്‍ സി.പി.ഐ. കടുത്ത എതിര്‍പ്പാണ് മുഴക്കുന്നത്. മുന്‍നിലപാടുകള്‍ എടുത്തുകാട്ടിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ സി.പി.എം. നേതാക്കള്‍ക്കും ഉത്തരംമുട്ടിയ അവസ്ഥയിലാണ്. ഇടതുപ്രവര്‍ത്തകരുടെ ഇടയിലും അനുഭാവികളും ഇതേ അവസ്ഥയിലാണ്. മാധ്യമവിചാരണകള്‍ തിരിച്ചടിയാകുമെന്ന ഭയവും ഇടത്‌നേതാക്കള്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം ഉറപ്പാക്കിയത് മാധ്യമങ്ങളിലെ നിരന്തരചര്‍ച്ചകള്‍ പൊതുസമൂഹത്തിലുളവാക്കിയ സ്വാധീനംകൊണ്ടുകൂടിയാണ്. നിലവില്‍ അതേ അവസ്ഥയാണ് ഇടതുമുന്നണിക്കും നേരിടേണ്ടിവരുന്നത്.

ഇടതുമുന്നണി തന്നെ ക്ലീന്‍ചിറ്റ് നല്‍കി വിശുദ്ധനാക്കിയ മാണിയെ പരവതാനി വിരിച്ച് സ്വീകരിക്കാന്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ത്രിപുരയില്‍ നിന്നും കേരളത്തിലെത്താന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായും കൂട്ടരും മികച്ച തന്ത്രങ്ങളാണൊരുക്കുന്നത്. ഇടത് വലത് മുന്നണിയിലെ പ്രമുഖനേതാക്കളെയടക്കം കാവിയുടുപ്പിക്കാനുള്ള നീക്കവും സജീവമാണ്.

ക്രൈസ്തവസഭകളെ അനുനയിപ്പിച്ചാല്‍ മാണി കൂടെപ്പോരുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ മകന്‍ ജോസ് കെ.മാണിക്ക് ഡല്‍ഹിയിലെത്തുക പഴയപോലെ എളുപ്പമല്ലെന്ന് മാണിക്കുമറിയാം. എല്ലാം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനാണ് ബി.ജെ.പി. നീക്കം. നിലവില്‍ ഇടതുമുന്നണിയുടെ ക്ലീന്‍ ചിറ്റ് പ്രയോജനപ്പെടുക ആര്‍ക്കാണെന്നത് പ്രവചനാതീതമാണ്. മാണിലെ മുത്താക്കിയാലും, മണ്ണുംചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയ അവസ്ഥയിലാകുമോ സി.പി.എമ്മെന്ന് കണ്ടുതന്നെ അറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here