ചെങ്ങന്നൂരില്‍ ഇടത് വിജയിച്ചാല്‍ മാണി ‘സഖാവാകും’; നീക്കം മുന്നില്‍ കണ്ട് സി.പി.ഐ.

0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇടത്സ്ഥാനാര്‍ത്ഥി സജിചെറിയാന്‍ വിജയിച്ചാല്‍ മാണി സഹായം കൊണ്ടാണെന്ന വാദമുയര്‍ത്തി മുന്നണിയിലേക്ക് ചുവപ്പ്പരവതാനി വിരിക്കാന്‍ നീക്കം. സി.പി.എമ്മിന്റെ ഈ നീക്കം തിരിച്ചറിഞ്ഞാണ് മാണിയുടെ സഹായം വേണ്ടെന്ന് പരസ്യനിലപാടുയര്‍ത്തി സി.പി.ഐ. നേതാക്കള്‍ രംഗത്തുവരുന്നതെന്നാണ് സൂചന.
മാണിയെ സഖാവാക്കാനുള്ള സി.പി.എമ്മിന്റെ വ്യഗ്രത ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബാര്‍ക്കോഴക്കേസ് തേച്ചുമായ്ച്ചു കളയുന്നെന്ന ആരോപണം പൊതുസമൂഹത്തിലുയര്‍ന്നതോടെയാണ് മാണിയുടെ ഇടത്പ്രവേശനം വഴിമുട്ടിയത്. ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് ഇടത്അനുഭാവികളില്‍ വരെ കടുത്ത പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ ചെങ്ങന്നൂരില്‍ ഇടത് വിജയമുണ്ടായാല്‍ അതില്‍ മാണിക്കും പങ്കുനല്‍കുന്നതോടെ മാണിയെ സഖാവാക്കാനുള്ള നീക്കവും എളുപ്പത്തിലാകും.
ഈ അടവ് തിരിച്ചറിഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ നിലപാടെടുത്തത്. കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ ഇതിനെതിരേ രംഗത്തെത്തി മാണിയുടെ ബലാബലത്തെ അംഗീകരിക്കുന്നുമുണ്ട്. ചാനല്‍ ചര്‍ച്ചകളിലെ പ്രധാന ന്യായീകരണക്കാരും ഈ ചുവട്പിടിച്ച് മാണിയുടെ സഹായം അനിവാര്യമാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്.
ബി.ജെ.പി. അഭിമാനപ്പോരാട്ടത്തിനിറങ്ങുന്ന ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണമത്സരമായതിനാല്‍ ഓരോ വോട്ടും നിര്‍ണ്ണായകമാണ്. ഇതുചുണ്ടിക്കാട്ടിയാണ് സി.പി.എം. മാണിയെ വെള്ളപൂശുന്നത്. സി.പി.ഐ. ഇടഞ്ഞതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചാലും മാണിക്കതില്‍ അവകാശമുന്നയിക്കാനാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പാളയത്തിലോ ബി.ജെ.പിയിലോ മാണി എത്തിപ്പെടാനുള്ള സാധ്യതയും മുന്നില്‍കണ്ടാണ് സി.പി.എം. കോഴമാണി സാറെന്നു വിളിച്ച നാവുകൊണ്ട് മാണിസഖാവേയെന്ന് നീട്ടി വിളിക്കുന്നതും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here