മുംബൈ |
മഹാരാഷ്ട്രയില്‍ ശിവസേനയെ അപ്രസക്തമാക്കുന്ന രീതിയിലേക്കു വിമത നീക്കം വളരുന്നു. വിമതര്‍ ബി.ജെ.പിക്കൊപ്പമെന്ന സൂചന നല്‍കിയതോടെ, പുതിയ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി ബി.ജെ.പി രംഗത്തെത്തി.
സര്‍ക്കാര്‍ വീഴുമെന്നു ഉറപ്പായതോടെ മുന്നണി വിടുന്നതടക്കമുള്ള അനുനയ നിര്‍ദേശങ്ങള്‍ ശിവസേന മുന്നോട്ടു വച്ചെങ്കിലും വിമതര്‍ വഴങ്ങിയിട്ടില്ല. അതിനിടെ, മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തി.
നിയമസഭാ കക്ഷിയിലെ 55 അംഗങ്ങളില്‍ 38 പേരുടെ പിന്തുണ ഇപ്പോഴുണ്ടെന്നും ശേഷിക്കുന്ന ചിലര്‍കൂടി ഉടന്‍ ഒപ്പം ചേരുമെന്നുമാണ് വിമതപക്ഷ നേതാവ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ 37 പേരുടെ പിന്തുണ മതി. ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ത്തയോഗത്തില്‍ 13 എം.എല്‍.എമാരാണ് എത്തിയത്. എം.എല്‍.എമാര്‍ക്കു പിന്നാലെ പാര്‍ട്ടിയുടെ എം.പിമാരും വിമതപക്ഷത്തേക്കു നീങ്ങുന്നുവെന്നാണ് സൂചന.
വിമതര്‍ ഇന്ന് ഗവര്‍ണറുമായി ആശയവിനിമയം നടത്തിയേക്കും.