കണ്ടത് ദു:സ്വപ്‌നമല്ല, ബി.ജെ.പി സര്‍ക്കാരുണ്ടാക്കി, ചതിച്ചത് ആരെന്ന ചോദ്യങ്ങള്‍ക്കിടയിലും കൈകോര്‍ത്തു തിരിച്ചടിക്കാന്‍ നീക്കം

0
14

പുതിയ സര്‍ക്കാരുണ്ടാക്കുന്നത് സ്വപ്‌നം കണ്ട് ഉറങ്ങാന്‍ കിടന്നവര്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഫഡ്‌നാവിസിനെയും അജിത് പവാറിനെയുമാണ്. ആര് ആരെ ചതിച്ചുവെന്നറിയാന്‍ പോലും വേണ്ടി വന്നു മണിക്കൂറുകള്‍. വടം വലി തീര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടികള്‍ പറയാതെ പറയുമ്പോള്‍ വരും ദിവസങ്ങളില്‍ നാടകീയത ഒത്തിരിയുണ്ടാകുമെന്ന് വ്യക്തമാണ്.

താനൊന്നും അറിഞ്ഞില്ലെന്ന് ഉദ്ധവിനെയും കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചു പറയേണ്ടി വന്നു തന്ത്രശാലിയായ ശരത് പവാറിന്. മകള്‍ക്കായി ഉറപ്പിച്ചിരുന്ന ഉപമുഖ്യമന്ത്രി കസേര അനന്തരവന്‍ തട്ടിയെടുത്താണെന്ന പവാറിന്റെ വാദം എത്രകണ്ട് സേനയും കോണ്‍ഗ്രസും വിശ്വസിച്ചുവെന്ന് വ്യക്തമല്ല. പവാറിന്റെ മോദി കൂടിക്കാഴ്ചയും മോദിയുടെ പവാര്‍ സ്തുതിയും മാത്രമല്ല, മന്ത്രിസഭാ രൂപീകരണത്തിനു തൊട്ടു മുന്നേ ഫഡ്‌നാവില്‍ വിളിച്ചതും സംശയത്തിന്റെ മുനയില്‍ പവാറിനെ നിര്‍ത്തുകയാണ്.

സര്‍ക്കാര്‍ രൂപീകരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്ന സേനയ്‌ക്കോ കോണ്‍ഗ്രസിനോ എന്തിന് എന്‍.സി.പിയുടെ മുടിചൂടാ മന്നന്‍ പവാറിനോ അറിയാന്‍ കഴിഞ്ഞില്ല, എന്‍.സി.പി അംഗങ്ങള്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്കു കിട്ടിയത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതുപോലും പലരും അറിഞ്ഞത് മോദിയുടെ ട്വീറ്റിലൂടെയും മാധ്യമങ്ങളിലൂടെയുമാണ്.

ഒറ്റയ്ക്ക് ഇത്തരമൊരു നീക്കം നടത്താന്‍ അജിത് പവാറിനു കഴിയില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിലും സേനയിലുമുണ്ട്. അങ്ങനല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് എന്‍.സി.പി. കളംമാറി ചവിട്ടിയ മൂന്നു എം.എല്‍.എമാരെ തിരികെയെത്തിച്ച് ശരത് പവാര്‍ നടത്തിയ പത്രസമ്മേളനം ഇതില്‍പ്പെടും. എന്‍.സി.പിയില്‍ നിന്ന് ഒരു വിഭാഗത്തെ ബി.ജെ.പി അടര്‍ത്തിയെത്ത് വ്യക്തം.

ഇതിന്റെ കൊള്ളിയാന്‍ ശിവസേന, കോണ്‍ഗ്രസ് നേതാക്കളുടെ തലച്ചോറിലും മിന്നിയിട്ടുണ്ട്. സ്വന്തം പാളയത്തിലെ എം.എല്‍.എമാര്‍ കൂടുവിടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നെട്ടോട്ടത്തില്‍കൂടിയാണ് അവര്‍. ബി.ജെ.പി കുതിര കച്ചവടം തുടര്‍ന്നാല്‍, എന്താവും സംഭവിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here