വിമതര്‍ സൂറത്തില്‍ നിന്നു അസമിലേക്ക് പറന്നു, ശക്തി തെളിയിക്കാന്‍ ചിത്രം പുറത്തുവിട്ടു

മുംബൈ | മഹാരാഷ്ട്ര സര്‍ക്കാരിനെ വീഴ്ത്താന്‍ ശിവസേനയെ പിളര്‍ത്തി. കക്ഷി നേതാവും മന്ത്രിയുമായ ഏകനാഥ് ഷിന്ദേയും ഒപ്പമുള്ള എം.എല്‍.എമാരും സൂറത്തില്‍ നിന്നു ആസമിലേക്കു താവളം മാറ്റി. പ്രതിസന്ധിക്കിടെ, മഹാരാഷ്ട്ര മന്ത്രിസഭ ഇന്നു ഉച്ചയ്ക്കു യോഗം ചേരും.

ശിവസേനയിലെ 34 ഉം ഏഴ് സ്വതന്ത്രരുമടക്കം 40 എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പം ഗുവാഹട്ടിയിലേക്കെത്തിയിട്ടുണ്ടെന്നാണ് വിമതരുടെ അവകാശവാദം.തെളിവായി വിമത എംഎല്‍എമാര്‍ ഒരുമിച്ചുള്ള ചിത്രവും പുറത്തുവന്നു. ഗുവഹാട്ടിയിലുള്ള റാഡിസണ്‍ ബ്ലു ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയത്.

ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിന്ദേയുമായി ഫോണില്‍ സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് വിമതര്‍ ഗുജറാത്തില്‍ നിന്നു അസമിലേക്കു തിരിച്ചത്. എം.എല്‍.എമാര്‍ തടവിലാണെന്നു വ്യക്തമാക്കി സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഗുജറാത്തിലെത്താനുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് വിമതര്‍ സ്ഥലം മാറിയത്.

ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ പിന്തുടരുകയാണെന്നും അത് തുടരുമെന്നും സൂറത്ത് വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഷിന്ദേ പ്രതികരിച്ചു. ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ മഹാരാഷ്ട്ര മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് ഒരു മണിയോടെ ചേരും. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here