തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ അസ്ഥിവാരം തോണ്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് എയര്‍ ഇന്ത്യയുടെ വില്‍പനയെന്ന് ലോക് താന്ത്രിക് യുവജനതാ ദള്‍ (എല്‍.വൈ.ജെ.ഡി ) ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. ഏയര്‍ ഇന്ത്യ കൈമാറ്റത്തിന്റെ ഒത്തുകളി പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് സലീം മടവൂര്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ വിറ്റിരിക്കുന്നത് 18000 കോടി രൂപക്കാണ്. ഇതില്‍ 15300 കോടി രൂപ എയര്‍ ഇന്ത്യയുടെ ലോണുകള്‍ ഏറ്റെടുക്കാനുള്ള ബാധ്യതയാണ്. 2700 കോടി രൂപ മാത്രമാണ് പണമായി കൈമാറ്റം ചെയ്യപ്പെടുന്നത്. 15300 കോടി ബാധ്യതയില്‍ വലിയൊരു ഭാഗം ബാങ്കുകള്‍ എഴുതിത്തള്ളാന്‍ സാധ്യതയുള്ളതാണ്. ലോണ്‍ പലിശ തിരിച്ചടവിലൂടെ ടാറ്റക്ക് ലഭിക്കാന്‍ പോകുന്ന ടാക്‌സ് ആനുകൂല്യം ഏതാണ്ട് 4000 കോടി രൂപയാണ്. എല്ലാം ചേര്‍ത്ത് 125 വിമാനങ്ങളും 14000 ജീവനക്കാരും ലോകം മുഴുവന്‍ ഓഫീസുകളും ആ സ്ഥികളുമുള്ള എയര്‍ ഇന്ത്യയുടെ ലക്ഷക്കണക്കിന് കോടി ആ സ്ഥികളാണ് ഫലത്തില്‍ കേവലം ഏഴായിരത്തോളം കോടി രൂപക്ക് എയര്‍ ഇന്ത്യക്ക് ലഭിക്കുന്നത്. ഇത് പാര്‍ലമെന്ററി സമിതി അന്വേഷിക്കണം.

കോണ്‍ഗ്രസ് എയര്‍ ഇന്ത്യാ വില്‍പനയെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് സ്ഥാപനത്തെ നശിപ്പിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ്. 2005 ല്‍ എയര്‍ ഇന്ത്യയെക്കൊണ്ടും ഇന്ത്യന്‍ എയര്‍ലൈന്‍സിനെക്കൊണ്ടും ഒറ്റയടിക്ക് 111 വിമാനങ്ങള്‍ വാങ്ങിപ്പിച്ച് അഴിമതി നടത്തിയത് കോണ്‍ഗ്രസാണ്. 38000 കോടിയുടെ ബാധ്യതയാണ് ഈ ഇടപാടിലൂടെ എയര്‍ ഇന്ത്യക്കു വന്നു ചേര്‍ന്നത്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം 220000 തൊഴിലുകളാണ് പൊതുമേഖലയില്‍ നഷ്ടപ്പെട്ടത്. എയര്‍ ഇന്ത്യയിലെ 14000 ജീവനക്കാരുടെ ഭാവിയും അപകടത്തിലാണ്. എന്നാല്‍ ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ സ്വത്ത് 165000 കോടിയില്‍ നിന്നും 365000 കോടിയായും അദ്വാനിയുടെത് 55000 കോടിയില്‍ നിന്നും 111000 കോടിയായും ഉയര്‍ന്നു. എയര്‍ ഇന്ത്യാ വില്‍പ്പന രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. ഇത് രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ രത്തന്‍ ടാറ്റക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കും.

എയര്‍ ഇന്ത്യാ വില്‍പനക്കെതിരെ തിരുവനന്തപുരം എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ലോക് താന്ത്രിക് യുവജനതാദള്‍ സംഘടിപ്പിച്ച സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവര്‍ത്തകരാണ് മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തത്.

ലോക് താന്ത്രിക് ജനതാദള്‍ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് എന്‍. എം. നായര്‍, എല്‍ വൈ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ആര്‍. അരുണ്‍, പി. എസ്. സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, മഹേഷ് പ്രാവച്ചമ്പലം, കാരയ്ക്കാമണ്ഡപം അജീഷ്, നൗഷാദ് ചാമ്പക്കട, വി. എസ്. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here