ആവേശകരമായ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപവാദ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിയെന്നു സി.പി.എം. തങ്ങളുടെ അടിത്തറയ്ക്ക് ഇളക്കം സംഭവിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ്. തങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും വോട്ടു കച്ചവടം നടത്തിയെന്ന് ബി.ജെ.പി. തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക വിലയിരുത്തലുകളില്‍ ആശ്വാസം കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത് ആരോപണങ്ങളില്‍ പ്രതിരോധത്തിലായിരുന്ന ഇടതു മുന്നണിക്കു മാത്രമാണ്.

ഭരണവിരുദ്ധ വികാരത്തെയും വിവിധ ആരോപണങ്ങളെയും മറികടന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ സി.പി.എമ്മിനായി. 2015ല്‍ ഏഴു ജില്ലാ പഞ്ചായത്തുകള്‍ ജയിച്ചിടത്ത് ഇക്കുറി 11 എണ്ണം ഇടതു മുന്നണി കൈയ്യടക്കി. 98 ബ്ലോക്കു പഞ്ചായത്തുകള്‍ ഭരിച്ചിരുന്നത് 108 ആയി ഉയരുന്നു. കോര്‍പ്പറേഷനുകളില്‍ ആറില്‍ അഞ്ചിലും ഇടതു മുന്‍തൂക്കമായി. 44 മുന്‍സിപ്പാലിറ്റികളിലുണ്ടായിരുന്ന ഭരണം 35 ആയി കുറഞ്ഞു. 517 ഗ്രാമപഞ്ചായത്തുകളില്‍ ഇടതു മുന്നണിക്കു ഭരണം നടത്താം. നിലവില്‍ 549 പഞ്ചായത്തുകളില്‍ ഇടതു ഭരണമുണ്ട്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി, ഇത്രയേറെ ആരോപണങ്ങള്‍ നേരിട്ടുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ട്ടി നേടിയ മികച്ച വിജയമായി ഇടതു ക്യാമ്പുകള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

കേരളത്തിലെ പ്രതിപക്ഷമെന്ന നിലയില്‍ കാര്യമായ നേട്ടം ഇക്കുറി ഉണ്ടാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. അതേസമയം, യു.ഡി.എഫ് പാളയത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടെ കൂട്ടിക്കൊണ്ടുകൂടിയാണ് സി.പി.എം അങ്കത്തിനിറങ്ങിയതും. കോട്ടയത്തെ യു.ഡി.എഫ് ഉരുക്കു കോട്ടകള്‍, ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍വരെ അവര്‍ കടന്നു കയറുകയും ചെയ്തു. എന്നാല്‍, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന് സമ്മതിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ അടിത്തറ ഇളകിയിട്ടില്ലെന്ന് വാദിക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകള്‍ 365 ല്‍ നിന്ന് 374 ലേക്ക് ഉയര്‍ന്നു. മുന്‍സിപ്പാലിറ്റികള്‍ 41ല്‍ നിന്ന് 45 ആയി ഉയര്‍ന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 61 ല്‍ നിന്ന് 44 ലേക്കു ബ്ലോക്കു പഞ്ചായത്തുകള്‍ കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഉയര്‍ത്തി ഘടകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലും പൊട്ടിത്തെറി രൂപപ്പെട്ടു. കെ. സുധാകരനും മുരളീധരനുമൊക്കെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുമ്പോള്‍ തീയും പുകയും ഉയരുമെന്ന് ഉറപ്പാണ്.

കേരളത്തില്‍ മൂന്നാം ശക്തിയുടെ പരിവേഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടാണ് ബി.ജെ.പി കഴിഞ്ഞ മാസങ്ങളില്‍ പ്രചാരണത്തിനിറങ്ങിയത്. അതിനാല്‍ തന്നെ ബി.ജെ.പി നേടേണ്ടിയിരുന്നതും അത്തൊരു വിജയമാണ്. അഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന സീറ്റുകളുടെ എണ്ണത്തില്‍ നിന്ന് അധികം മുന്നോട്ടു പോകാന്‍ ബി.ജെ.പിക്കായിട്ടില്ല. എന്നു മാത്രമല്ല, സീറ്റുകള്‍ ഇരട്ടിയിലേക്കു പോലും ഉയര്‍ന്നില്ല. ഗ്രാമപഞ്ചായത്തുകള്‍ 14 ല്‍ നിന്ന് 22 ആയി ഉയര്‍ന്നു. ഭരിക്കാന്‍ പറ്റുന്ന മുന്‍സിപ്പാലിറ്റികള്‍ രണ്ടായി. എല്ലാ മേഖലകളിലും സീറ്റുകള്‍ കുറച്ചുയര്‍ന്നു എന്നതുമാത്രമാണ് നേട്ടം. ചില പ്രത്യേക മേഖലകളില്‍ മാത്രമുണ്ടായിരുന്ന സീറ്റുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് അക്കൗണ്ടുകള്‍ തുറക്കാനായെന്ന് നേതാക്കള്‍ പറയുന്നു. ഇക്കാര്യം അണികള്‍ക്കു മുന്നില്‍ വിശദീകരിച്ച് ഫലിപ്പിക്കാന്‍ സുരേന്ദ്രനും കൂട്ടര്‍ക്കും ഏറെ വിയര്‍ക്കേണ്ടി വരും.

കണക്കിലെ കളികളില്‍ മറുപടികള്‍ കണ്ടെത്തി സ്വയം ഭദ്രമാകാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. എന്നാല്‍, ജനം ചിന്തിച്ചതിന്റെ യഥാര്‍ത്ഥി ചിത്രം ഒന്നുകൂടി വ്യക്തമാകാണമെങ്കില്‍ വോട്ടു ഷെയര്‍ അടക്കമുള്ള കണക്കുകള്‍ പുറത്തുവരണം.

LEAVE A REPLY

Please enter your comment!
Please enter your name here