തോട്ടങ്ങള്‍, അനധികൃത കെട്ടിടങ്ങള്‍, പാറമട… കോണ്‍ഗ്രസിനായി കാക്കണ്ട, ഇടത് സര്‍ക്കാര്‍ എല്ലാം ശരിയാക്കും

0

അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനം ഇടത്‌വലത് ഭരണകൈമാറ്റം നടത്തുന്ന പതിവ് ഇനി വേണ്ട. ഇടത്പക്ഷമെന്ന ലേബലില്‍ ഭരിക്കുമ്പോഴും ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്  കോണ്‍ഗ്രസിന്റെ അഭിലാഷങ്ങള്‍ കൂടിയാണ്. ഏറ്റവുമൊടുവില്‍ വന്നത് തോട്ടങ്ങളെ പരിസ്ഥിതി നിയമത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമാണ്. ഏതെങ്കിലുമൊരു കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെങ്കില്‍ ഇടതുസമരവേലിയേറ്റങ്ങള്‍ കേരളം കാണുമായിരുന്നു. എന്നാലിന്ന് കോണ്‍ഗ്രസ് നയങ്ങള്‍ അതിലും വേഗത്തില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഒരക്ഷരംപോലും മിണ്ടാനാവാത്ത അവസ്ഥയും.

കാലങ്ങളായി സര്‍ക്കാര്‍ ഭൂമികൈയേറിയ തോട്ടമുടമകള്‍ക്കെതിരേ ഒരറ്റത്ത് കോടതിയില്‍ കേസുകള്‍ നടക്കുമ്പോഴും മറുവശത്ത് എല്ലാവിധ സഹായവുമൊരുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. പരിസ്ഥിതി സംഘടനാ പ്രവര്‍ത്തനമെന്നത് ഇടത് കുത്തകയായതിനാല്‍ ഈ കൊള്ളരുതായ്മകള്‍ക്കെതിരേ ഒരു കൂട്ടായ്മകളും രംഗത്തുമില്ല.

തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് യഥാവിധി നടപ്പാക്കുകയാണെന്നാണ് പിണറായി സര്‍ക്കാരിന്റെ ന്യായം. നേട്ടംമുഴുവന്‍ തൊഴിലാളികള്‍ക്കാണെന്ന മട്ടിലാണ് ഇടതുനേതാക്കളും ന്യായീകരണം നടത്തുന്നതും. പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഗുരുതരമെന്നറിഞ്ഞിട്ടും ഇടതുസര്‍ക്കാരിന്റെ കരണംമറിച്ചില്‍ കണ്ട് അന്തംവിടുകയാണ് ജനം.

സര്‍ക്കാര്‍ തീരുമാനം തുണയായത് നിയമവിരുദ്ധമായി തോട്ടംകൈവശം വച്ചിരിക്കുന്നവര്‍ക്കാണ്. റിസര്‍വ്വ് വനങ്ങളോട് ചേര്‍ന്ന് 45000 ഏക്കര്‍ തോട്ടഭൂമിയാണ് ഉള്ളത്. പരിസ്ഥിതി ദുര്‍ബലമായി ഇത് കോടതി പ്രഖ്യാപിച്ച ഇവയെല്ലാം സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ റദ്ദാകുകയാണ്. ഫലത്തില്‍ ഇവയെല്ലാം തോട്ടംമുതലാളിമാരുടെ കൈവശം തന്നെയാകും.

തോട്ടങ്ങളിലെ റബ്ബര്‍മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ സര്‍ക്കാരിന് നിയമപരമായി അടയ്‌ക്കേണ്ട 2500 രൂപയും ഒഴിവാക്കിക്കൊടുത്തു. എല്ലാത്തരം ചെറുതും വലുതുമായ മരങ്ങളും ഇതിന്റെ മറവില്‍ യഥേഷ്ടം തോട്ടമുടമകള്‍ക്ക് മുറിച്ചുമാറ്റാനാകുമെന്ന സ്ഥിതിയിേലക്കാണ് കാര്യങ്ങളുടെ പോക്ക്. കോടികളുടെ നഷ്ടമാണ് ഈയിനത്തില്‍ സര്‍ക്കാരിന് സംഭവിക്കുന്നതും.

തൊഴിലാളികള്‍ക്ക് താമസസൗകര്യവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ട ചുമതല തോട്ടമുടമകള്‍ക്കാണ്. അതിനായി ഭൂമിയിളവ് വരെ നിലവിലുണ്ട്. ഇവയൊന്നും നടപ്പിലാക്കാത്ത ഉടമകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടായിട്ടും ഇക്കാലമത്രയും ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നിട്ടും തൊഴിലാളികളുടെ പേരുപറഞ്ഞ് അവരുടെ വീടടക്കമുള്ള സംരക്ഷണച്ചുമതലകള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഫലത്തില്‍ ലാഭം തോട്ടമുതലാളിമാര്‍ക്കുതന്നെ.

ധാരാളം തോട്ടങ്ങള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രമുഖ രണ്ട് പത്രങ്ങള്‍ സര്‍ക്കാരിന്റെ നടപടികളെ പ്രശംസിച്ച് രംഗത്തുവന്നതും ശ്രദ്ദേയം. അടുത്തിടെ ഇടതുമുന്നണിയിലെത്തിയ ഒരു നേതാവിന്റെ പത്രം കഴിഞ്ഞദിവസം എഡിറ്റോറിയല്‍ വരെ എഴുതിയാണ് പിണറായിയുടെ നടപടിയെ പുകഴ്ത്തിയത്.

അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴയടച്ച് അനുമതി നല്‍കല്‍, പാറമടകളുടെ ദൂരപരിധി കുറയ്ക്കല്‍, തണ്ണീര്‍ത്തടനിയമത്തില്‍ വെള്ളംചേര്‍ക്കല്‍ തുടങ്ങി നിരവധി നടപടികളുമാണ് ഇടതുസര്‍ക്കാര്‍ മുന്നേറുന്നത്. ഭരണത്തിലേറുമ്പോഴെല്ലാം, ഇടതുപക്ഷത്തെ പേടിച്ച് കോണ്‍ഗ്രസുകാര്‍ നടപ്പാക്കാതിരുന്നതെല്ലാം ഈ ഇടതുസര്‍ക്കാര്‍ ഒരുവശത്തുകൂടി നിര്‍ഭയം നടപ്പാക്കുകയാണ്.

വലതുപക്ഷമെന്ന ഇപ്പോഴത്തെ പ്രതിപക്ഷനിര ഏതാണ്ട് അരങ്ങൊഴിഞ്ഞ മട്ടാണ്. കാലാകാലങ്ങളായി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിരുന്ന മത ന്യൂനപക്ഷങ്ങള്‍ ഇടതിന് അനുകൂലമായി വോട്ട് നല്‍കിത്തുടങ്ങിയതും ഇടതുസര്‍ക്കാരിന്റെ ഈ നടപടികള്‍ക്ക് പിന്നിലുണ്ട്. ഈ നീക്കങ്ങളൊന്നും പരസ്യമായി എതിര്‍ക്കാനാകാതെ കുഴങ്ങുകയാണ് രമേശ് ചെന്നിത്തലയും കൂട്ടരും. ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നത്തിന് ഇടതുമുന്നണി ആക്കം കൂട്ടുമ്പോള്‍ വലതും ഇടതുമെന്ന കാഴ്ചപ്പാട് ഇനി അപ്രസക്തമാകുന്ന കാലത്തിലേക്കാണ് കേരളം പോകുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here