തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെ.പി.സി.സി. ആസ്ഥാനത്തിനു മുന്നില്‍ തലമുണ്ഡനം ചെയ്തു. അധ്യക്ഷസ്ഥാനം രാജിവച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്ന പ്രതിഷേധം അരങ്ങേറിയത്. സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവന്നതിനു പിന്നാലെയാണ് അവര്‍ മാധ്യമങ്ങളെ കണ്ടത്.
അഭിമാനത്തോടെ, കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപട്ടിക കേട്ടപ്പോള്‍ വനിതയെന്ന നിലയില്‍ ഏറെ ദു:ഖമുണ്ടെന്നു പറഞ്ഞായിരുന്നു ലതിക മാധ്യമങ്ങളെ കണ്ടത്. ആവശ്യപ്പെട്ട 20 ശതമാനം വനിതകള്‍ പട്ടികയില്‍ ഉണ്ടായില്ലെങ്കിലും ജില്ലയില്‍ ഒരാള്‍ക്കെങ്കിലും അവസരം പ്രതീക്ഷിച്ചുവെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇനിയെങ്കിലും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ, പണമില്ലാത്തവരുടെ ഒപ്പം നില്‍ക്കണം. ഇപ്പോഴെങ്കിലും നിലപാട് സ്വീകരിച്ചില്ലെങ്കില്‍ എന്നും അപമാനിതയായി തുടരേണ്ടിവരുമെന്നും അവര്‍ പ്രതികരിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് കോണ്‍ഗ്രസിനെ തിരുത്താനാവുകയെന്നും അവര്‍ ചോദിച്ചു.
ലതികാ സുബാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെ കര്‍ഷകകോണ്‍ഗ്രസ് അധ്യക്ഷനും സ്ഥാനം രാജിവച്ച് രംഗത്തെത്തി. പല ജില്ലാ നേതാക്കളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തി സ്ഥാനങ്ങള്‍ രാജിവച്ചു.