പുതിയ അധ്യക്ഷന്‍ ഉടന്‍, തേടുന്നത് സി.പി.എമ്മിനെയും ബി.ജെ.പിയെയും പ്രതിരോധിക്കാന്‍ കഴിവുള്ള നേതാവിനെ

0

ഡല്‍ഹി: അണികളെ ബി.ജെ.പി ആകര്‍ഷിക്കുന്നു. സി.പി.എമ്മിനെ ശക്തമായി പ്രതിരോധിക്കണം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് തുടര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് ചെങ്ങന്നൂരിലൂടെ ഹൈക്കമാന്‍ഡും തിരിച്ചറിയുന്നു…
കെ.പി.സി.സി. പുന:സംഘടന വൈകാന്‍ കാരണം സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ പ്രതിരോധിക്കാനും ആക്രമിക്കാനും സാധിക്കുന്ന പ്രസിഡന്റിനായി ദേശീയ നേതൃത്വം നടത്തുന്ന അന്വേഷണങ്ങളാണെന്നു സൂചന. പുതിയ പ്രസിഡന്റിനെ ഉടനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇതിനായി ഹൈക്കമാന്റ് സ്വന്തം നിലയ്ക്ക് കേരളതിലുള്ള നേതാക്കളെ വിലയിരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പിനതീതമായി നിലകൊള്ളുന്ന പല പ്രമുഖരുടെയും അഭിപ്രായങ്ങളും ആരാഞ്ഞു.

കേരളത്തില്‍ വി.എം. സുധീരന്‍ ഉയര്‍ത്തിയ കലാപക്കൊടിയുടെ ബാക്കി പത്രം ഇപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങേറുകയാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ പി.ജെ. കുര്യന്‍, കെ.വി. തോമസ്, പി.സി. ചാക്കോ തുടങ്ങിയവര്‍ ഹൈക്കമാന്റിനു മുന്നിലാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറിവലും നടക്കുന്ന പ്രശ്‌നങ്ങളിലും രൂക്ഷമായ പ്രതിഷേധമാണ് ഇവര്‍ നേരിട്ട് ഉന്നയിക്കുന്നത്. കൂടാതെ ഇ-മെയിലായും സമൂഹ മാധ്യമങ്ങളിലൂടെയും പരാതികളുടെ ഘോഷയാത്രയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങള്‍ ആവശ്യപ്പെട്ട് എ, ഐ ഗ്രൂപ്പുകളും ഹൈക്കമാന്റിനു മുന്നിലെത്തിയിട്ടുണ്ട്.

എന്നാല്‍, എ, ഐ നേതാക്കള്‍ ഡല്‍ഹിക്കു വിമാനം പിടിക്കുമോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഹൈക്കമാന്റിന്റെ ആവശ്യപ്രകാരം കെ. സുധാകരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി. പ്രസിഡന്റാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ സുധാകരന്റേതടക്കമുള്ള പേരുകള്‍ക്ക് മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലുണ്ടായിരുന്ന സമവാക്യങ്ങളില്‍ മാറ്റം വരുത്തുന്ന തീരുമാനങ്ങളാകും ഏതാനും ദിവസങ്ങള്‍ക്കകം ഡല്‍ഹിയില്‍ നിന്നുണ്ടാകുന്നതെന്നാണ് സുചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here