കണ്ണൂര്‍: ഇടതു മുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും മുന്നണിയില്‍ ഇല്ല. ജനങ്ങളെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ ഇടതു സർക്കാറിൽ നിന്നും ഉണ്ടാകില്ല. ശത്രു വർഗത്തിന്റെ കുത്തിത്തിരിപ്പുകളെ എൽ.ഡി.എഫ് ഒന്നിച്ച് നേരിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഇടതുമുന്നണി നേതാക്കൾ ജാഗ്രത പാലിക്കണമെന്നും തക്കം പാർത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നൽകുന്ന വാക്കോ പ്രവൃത്തിയോ എൽ.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. സി.പി.െഎ നേതാവ് കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ച അഭിപ്രായം പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ്.

ഭരണത്തിലെ അഭിപ്രായം തുറന്നു പറയുന്നത് ഭരണത്തെ പ്രതിസന്ധിയിലാക്കും. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നു. യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല. സി.പി.എം എന്നും അതിനെതിരാണ്.

വര്‍ഗീസ് വധത്തില്‍ കോടതിയിലെ സത്യവാങ്മൂലം തിരുത്തണമെന്നുതന്നെയാണ് അഭിപ്രായം. മുന്‍ സര്‍ക്കാരിന്റെ അഭിഭാഷകനാണ് സത്യവാങ്ങ്മൂലം നല്‍കിയത്. വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കേണ്ട കാര്യമില്ല. അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്താവന്നതേയുള്ളൂ.

ജിഷ്ണു കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. മഹിജയുടെയും കുടുംബത്തിന്റെയും സമരം ആവശ്യമില്ലായിരുന്നു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കരുത്. മൂന്നാറില്‍ എല്‍.ഡി.എഫും സര്‍ക്കാരും എടുത്ത തീരുമാനം നടപ്പാക്കുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്യാവുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here