ഇടതുമുന്നണിയില്‍ മുറുമുറുപ്പ്; കോടിയേരിയെന്ന വന്‍മരത്തെ ലക്ഷ്യമിടുന്നതാര്?

0

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി ചര്‍ച്ചയാകുന്ന സമയമാണ്. ശബരിമലയിലെ സ്ത്രീപ്രവേശമെന്ന നിലപാടല്ല, പകരം വനിതാമതില്‍ നടത്തിയതിനു പിന്നാലെ കനകദുര്‍ഗയെയും ബിന്ദുവിനെയും കയറ്റിയതാണ് വമ്പന്‍തിരിച്ചടിക്ക് ഇടയാക്കിയതെന്ന പൊതുവിലയിരുത്തലിലാണ് മുന്നണി. താഴേത്തട്ടില്‍ നിന്നും ഇത്തരമൊരു വിലയിരുത്തല്‍ വന്നതോടെ വിമര്‍ശനത്തിന്റെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനിലേക്കും നീണ്ടു. എം.വി. ജയരാജനടക്കമുള്ള കണ്ണൂര്‍ ലോബിയുടെ നിര്‍ബന്ധബുദ്ധിയും പിണറായി വിജയന്റെ പിടിവാശിയുമാണ് വനിതാമതിലിന് പിന്നാലെ സ്ത്രീപ്രവേശം യാഥാര്‍ത്ഥ്യമാക്കിയതെന്ന മട്ടില്‍ ഘടകകക്ഷികളും രംഗത്തുവന്നത് കടുത്ത പിണറായിപക്ഷക്കാരെയും ഞെട്ടിച്ചു.

ലോക്‌സഭാഫലം വന്നതിനുപിന്നാലെ ശബരിമല ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചതും താഴേത്തട്ടില്‍ നിന്നും ഇത്തരം വിലയിരുത്തല്‍ വരരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ പതിയെപ്പതിയെ തുടങ്ങിയ വിമര്‍ശനങ്ങള്‍ കടുത്തുതുടങ്ങുന്നൂവെന്ന വിലയിരുത്തലിന് പിന്നാലെയാണ് പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരായ കേസ് പൊങ്ങിയത്.

ലോക്‌സഭാ തോല്‍വി വിലയിരുത്തിയ സി.പി.എം. കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങും ചര്‍ച്ചയും ഈ വരുന്ന 22, 23 തീയതികളില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടക്കാനിരിക്കെയാണ് കോടിയേരി ബാലകൃഷ്ണനെ പ്രതിരോധത്തിലാക്കി മകനെതിരേയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത്.

മുഖ്യമന്ത്രിയുടെ ശൈലിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകാനിരിക്കെ ഇടതുമുന്നണിയിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുള്ള കോടിയേരിയാണ് ഇപ്പോള്‍ വെട്ടിലായതും. പിണറായിക്കെതിരേ നേര്‍ക്കുനേര്‍ പോരാട്ടത്തിനില്ലെങ്കിലും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ശരിയായ കാരണങ്ങള്‍ ചര്‍ച്ചയാകണമെന്ന നിലപാടിലായിരുന്നു കോടിയേരിയും പിണറായി വിരുദ്ധരും. ഇതിനിടെ മകനെതിരേയുള്ള ആരോപണങ്ങള്‍ തീര്‍ത്തും പ്രതിരോധത്തിലാക്കിയതോടെ കോടിയേരിപക്ഷ നേതാക്കാള്‍ക്ക് മിണ്ടാട്ടമില്ലാതാകും.

ഈ സാധ്യത മുന്നില്‍ക്കണ്ടാണ് ബിനോയ് കോടിയേരിക്കെതിരേയുള്ള യുവതിയുടെയും കുട്ടിയുടെയും രംഗപ്രവേശമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. യുവതി പരാതിയിലുറച്ചു നിന്നാല്‍ തെളിവുകള്‍ എല്ലാം എതിരായ സ്ഥിതിക്ക് ബിനോയ്ക്ക് രക്ഷപ്പെടുക എളുപ്പമല്ല. ബിനോയിയുടെ ‘കുടുംബം’ ഭീഷണിപ്പെടുത്തിയെന്ന പേരുകള്‍ പറയാതെയുള്ള യുവതിയുടെ ആരോപണവും കോടിയേരി ബാലകൃഷ്ണനെയും സംശയക്കുരുക്കിലാക്കാന്‍ ലക്ഷ്യമിട്ടുതന്നെയെന്ന വിലയിരുത്തലുമുണ്ട്. കോടിയേരിയെന്ന വന്‍മരം വീണാലുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റിലേക്ക് സംശയമുന ഉയരുന്നതും അതുകൊണ്ടുതന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here